കോടിയുടുത്തും മുടി മാടിവിതിർത്തും
കോടിയുടുത്തും മുടി മാടി വിതിർത്തും
കുന്നോരം വന്നല്ലോ കന്നിനിലാപ്പെണ്ണ്
പൊൽത്തള മിന്നി കുളിർ മുത്തൊളി ചിന്നി
കിന്നാരം ചൊന്നല്ലോ കുഞ്ഞു കിനാപ്പെണ്ണ്
അവളെക്കണ്ടൊന്നുരിയാടാൻ അവളോടൊത്തല്പമിരിക്കാൻ
ചിറകേറിപ്പോരുകയായ് മുറിവാലൻ കിളികൾ (കോടിയുടുത്തും...)
തേനും തിനയും നെന്മണിയും താഴമ്പൂവും
പാൽ മണക്കും ചെല്ലക്കാറ്റിൻ അല്ലിക്കൂമ്പും
വാലിട്ടെന്നും കണ്ണെതാൻ നീലച്ചാന്തും
കാതിലിട്ടാൽ മിന്നിത്തെന്നും കാക്കപ്പൂവും
മോദമോടെ സമ്മാനിക്കാൻ കൊണ്ടേ പോരുന്നേ
കണ്ണാന്തളി മുറ്റത്തെപൂത്തിരിവാലന്മാർ (കോടിയുടുത്തും...)
പാട്ടും കഥയും പഴമൊഴിയും ചൊല്ലിച്ചൊല്ലി
പാതിരാപ്പൂ മുറ്റത്തങ്ങനെയാടിപ്പാടി
ഓളം കുളിരും പൂമ്പുഴയിൽ മുങ്ങിപ്പൊങ്ങി
ഓണവില്ലിൽത്താളം കൊട്ടിത്തെയ്യം തുള്ളി
പൂങ്കിനാവിൽ മുത്തം മുത്തിക്കൈമാറും നേരം
ഓരോ മനസ്സിലുമാലോലം പൂത്തിരുവാതിരയായ് (കോടിയുടുത്തും...)