നെപ്പോളിയൻ
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിൽ കർഷകനായിരുന്ന ദുരൈസാമി റെഡ്ഢിയാരുടേയും സരസ്വതി അമ്മാളിന്റെയും മകനായി കുമരേശൻ ദുരൈസ്വാമി എന്ന നെപ്പോളിയൻ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം തൃച്ചിയിലെ പെരുവാളന്നൂർ ഗവ. ഹൈസ്കൂളിൽ പൂർത്തിയാക്കിയ കുമരേശൻ തൃച്ചി സെൻറ്. ജോസഫ് കോളേജിൽ നിന്ന് ബിരുദവും നേടി.
1991 -ൽ ഭാരതിരാജ സംവിധാനം ചെയ്ത Pudhu Nellu Pudhu Naathu എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് നെപ്പോളിയൻ സിനിമാഭിനയരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. സിനിമയിൽ എത്തിയതിന് ശേഷമാണ് നെപ്പോളിയൻ എന്ന പേര് സ്വീകരിക്കുന്നത്.1993 -ൽ ഇറങ്ങിയ Ejamaan എന്ന സിനിമയിൽ രജനികാന്തിന്റെ വില്ലനായി അഭിനയിച്ചുകൊണ്ട് നെപ്പോളിയൻ പ്രശസ്തിയിലേയ്ക്കുയർന്നു. തുടർന്ന് നിരവധി തമിഴ് ചിത്രങ്ങളിൽ വില്ലൻ വേഷങ്ങൾ ചെയ്തു. 1993 -ൽ ദേവാസുരം എന്ന ചിത്രത്തിൽ വില്ലൻ വേഷം ചെയ്തുകൊണ്ട് നെപ്പോളിയൻ മലയാളസിനിമയിൽ അരങ്ങേറി. ദേവാസുരത്തിൽ മോഹൻലാൽ അവതരിപ്പിച്ച മംഗലശ്ശേരി നീലകണ്ഠന്റെ എതിരാളി മുണ്ടക്കൽ ശേഖരനായി നെപ്പോളിയൻ നിറഞ്ഞാടി. മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മുണ്ടക്കൽ ശേഖരനെ ദേവാസുരത്തിന്റെ രണ്ടാംഭാഗമായ രാവണപ്രഭു എന്ന ചിത്രത്തിലും നെപ്പോളിയൻ അവതരിപ്പിച്ചു. ഏഴ് മലയാള സിനിമകളിൽ നെപ്പോളിയൻ അഭിനയിച്ചിട്ടുണ്ട്. തമിഴ്,തെലുങ്ക്,കന്നഡ,മലയാളം ഭാഷകളിലായി നൂറിലധികം സിനിമകളിൽ നെപ്പോളിയൻ അഭിനയിച്ചിട്ടുണ്ട്. നെപ്പോളിയൻ അഭിനയിച്ചവയിൽ ഭൂരിഭാഗവും തമിഴ് സിനിമകളായിരുന്നു. കനൽക്കിരീടം എന്ന മലയാള സിനിമയിലും ചില തമിഴ് സിനിമകളിലും അദ്ദേഹം നായകനായി അഭിനയിച്ചിട്ടുണ്ട്.
2000-ൽ രാഷ്ട്രീയത്തിൽ ഇറങ്ങിയ നെപ്പോളിയൻ ഡി.എം.കെ പാർട്ടിയിൽ ചേർന്നു. തുടർന്ന് 2001 -ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വില്ലുവാക്കം മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2006 -ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മൈലാപ്പൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2009 -ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പേരമ്പല്ലൂർ മണ്ഡലത്തിൽ നിന്ന് പാർലമെന്റംഗമായ നെപ്പോളിയൻ 2009 മുതൽ 2013 വരെ രണ്ടാം മൻമോഹൻ സിംഗ് മന്ത്രിസഭയിലെ സാമൂഹിക നീതി, ശാക്തീകരണ വകുപ്പ് സഹമന്ത്രിയായിരുന്നു. 2014 -ൽ ബിജെപിയിൽ ചേർന്ന നെപ്പോളിയൻ തമിഴ്നാട് ബിജെപിയുടെ വൈസ് പ്രസിഡന്റായി. 2015 -ൽ അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു. മസ്കുലർ ഡിസ്റ്റ്രോഫി ബാധിതനായ മകൻ ധനുഷിന്റെ ചികിത്സയ്ക്ക് വേണ്ടി നെപ്പോളിയൻ കുടുംബസമേതം അമേരിക്കയിലേയ്ക്ക് താമസം മാറ്റി.
നെപ്പോളിയന്റെ ഭാര്യ ജയസുധ, മക്കൾ ധനുഷ്, ഗുണാൽ