മിണ്ടാപ്പെണ്ണിന്റെ കരളിലെ

മിണ്ടാപ്പെണ്ണിന്റെ കരളിലെ മണിച്ചെപ്പിൽ 
കണ്ടത് മാണിക്യക്കല്ല് 
താന്തോന്നിക്കാറ്റിന്റെ മടിശ്ശീല തുറന്നപ്പോൾ 
കണ്ടത് മയിൽ‌പ്പീലീ..
നീയറിഞ്ഞോ തുമ്പി നീയറിഞ്ഞോ
ലോകനാർക്കാവിലെ കളിത്തുമ്പി 
അത്തം കറുത്തപ്പോൾ 
ഓണം വെളുക്കുമെന്നാരോ പറഞ്ഞത് നീയറിഞ്ഞോ നീയറിഞ്ഞോ
മിണ്ടാപ്പെണ്ണിന്റെ കരളിലെ മണിച്ചെപ്പിൽ 
കണ്ടത് മാണിക്യക്കല്ല് 

വാർമഴവില്ലിന്റെ സൗന്ദര്യമാകെ 
ഒരു മഴത്തുള്ളിയിലൊളിഞ്ഞിരുന്നു
തുയിലുണർത്താനുള്ള ഭൂപാളരാഗം 
കുയിലിന്റെ ചുണ്ടത്തു മറഞ്ഞിരുന്നു 
മറഞ്ഞിരുന്നു
ഒരു പൂക്കാലം മുഴുവൻ 
ഒരു പൂന്തേൻകുടം മുഴുവൻ 
താമരക്കുമ്പിളിൽ ഒളിച്ചിരുന്നൂ 
ഒളിച്ചിരുന്നു ഒളിച്ചിരുന്നു
മിണ്ടാപ്പെണ്ണിന്റെ കരളിലെ മണിച്ചെപ്പിൽ 
കണ്ടത് മാണിക്യക്കല്ല് 

പൊന്നാനിപ്പുഴയിൽ പുലരിക്കയ്യിലെ 
കുങ്കുമത്താലം തൂവിയല്ലോ
വടക്കൻപാട്ടിലെ തോറ്റംപാട്ടിൽ 
കവുങ്ങിൻ പൂക്കില ഉറഞ്ഞല്ലോ ഉറഞ്ഞല്ലോ 
അണിയുന്നു കനകകിരീടം 
തുടരുന്നു ചേങ്ങിലത്താളം 
കഥകളിയാടാൻ അരങ്ങൊരുങ്ങി 
വിളക്കൊരുങ്ങി മേളമൊരുങ്ങി 

മിണ്ടാപ്പെണ്ണിന്റെ കരളിലെ മണിച്ചെപ്പിൽ 
കണ്ടത് മാണിക്യക്കല്ല് 
താന്തോന്നിക്കാറ്റിന്റെ മടിശ്ശീല തുറന്നപ്പോൾ 
കണ്ടത് മയിൽ‌പ്പീലീ..
നീയറിഞ്ഞോ തുമ്പി നീയറിഞ്ഞോ
ലോകനാർക്കാവിലെ കളിത്തുമ്പി 
അത്തം കറുത്തപ്പോൾ 
ഓണം വെളുക്കുമെന്നാരോ പറഞ്ഞത് നീയറിഞ്ഞോ നീയറിഞ്ഞോ
മിണ്ടാപ്പെണ്ണിന്റെ കരളിലെ മണിച്ചെപ്പിൽ 
കണ്ടത് മാണിക്യക്കല്ല്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mindappenninte karalile