മൃദുല മുരളി

Mridula Murali

മൃദുല മുരളി മംഗലശ്ശേരി എന്നാണ് മുഴുവൻ പേര്.

ജീവൻ ടിവിയിലെ "ഡയൽ ആൻഡ് സീ" എന്ന ഫോൺ ഇൻ പരിപാടിയുടെ കുട്ടി അവതാരിക എന്ന നിലയിലാണ് മൃദുല മുരളി പ്രശസ്തയായത്. അനിയൻ മിഥുൻ മുരളിയോടൊപ്പം അവതരിപ്പിച്ച ആ പരിപാടി മൃദുലയ്ക്ക് ഒരുപാട് ആരാധകരെ നേടിക്കൊടുത്തു.അതിനെത്തുടർന്ന് അനേകം പരസ്യചിത്രങ്ങളിൽ വേഷമിട്ടിരുന്നു.

2003ൽ "റെഡ്  ചില്ലീസ്" എന്ന സിനിമയിലെ വരദ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച് മലയാളസിനിമയിൽ തുടക്കമിട്ടു. "എൽസമ്മ എന്ന ആൺകുട്ടി"യിലേയും ശ്രദ്ധേയവേഷത്തിനെത്തുടർന്ന് ചെയ്ത "10.30എ എം ലോക്കൽ കോൾ" എന്ന സിനിമയിൽ നായികവേഷമായിരുന്നു.

2013ൽ "നാഗരാജചോളൻ എം എ എം എൽ എ" എന്ന സിനിമയിലെ നായികവേഷത്തോടെ തമിഴ് സിനിമയിലും അരങ്ങേറി.ആ സിനിമയിലെ ഷെൺപകവല്ലി എന്ന കഥപാത്രം ഏറെ പ്രശംസിയ്ക്കപ്പെട്ടിരുന്നു.

എഫ് എ സി ടി കളമശ്ശേരിയിൽ എഞ്ചിനീയറായ മുരളീധര മേനോനും ലത മേനോനും ആണ് മാതാപിതാക്കൾ. ഏക സഹോദരൻ മിഥുൻ മുരളി മലയാളം,തമിഴ് സിനിമകളിലെ അഭിനേതാവാണ്.

എറണാകുളം അസീസി വിദ്യാനികേതൻ സ്കൂളിൽ നിന്നായിരുന്നു പ്രാഥമികവിദ്യാഭ്യാസം.സെന്റ്.തെരേസാസ് കോളേജിൽ നിന്നും ബിരുദം നേടി.ഇപ്പോൾ,ചെന്നൈയിലെ എം ഓ പി വൈഷ്ണവ കോളേജിൽ നിന്നും മാദ്ധ്യമ പഠനത്തിൽ ബിരുദാനന്തരബിരുദം ചെയ്യുന്നു. സ്കൂൾ വിദ്യാഭ്യാസകാലത്ത് തുടർച്ചയായ മൂന്നുവർഷം കലാതിലകം ആയിരുന്നു. "ഡയൽ ആൻഡ് സീ" എന്ന പ്രോഗ്രാമിനു മികച്ച ബാല അവതാരകയ്ക്കുള്ള സംസ്ഥാനപുരസ്കാരം നേടിയിട്ടുണ്ട്.