പൂക്കൈതേ നിൻ

പൂക്കൈതേ നിൻ മണമാണോ സ്വപ്നം പൂക്കുമ്പോൾ
പൂന്തേനേ നിൻ രസമാണോ ഉദയം നുണയുമ്പോൾ
അകതാരിൽ ഊതിക്കാച്ചും തങ്കത്തിൻ മാറ്റാണേ
കുളിർ കോരും കോടക്കാറിൽ നീന്താനൊരു സുഖമാണേ
ഒരു മഴവിൽക്കൊടിയിൽ മലരിനുള്ളിൽ മോഹമിരിപ്പുണ്ടേ
പാദസരത്തിൻ പൊന്മണിനാദം മാടി വിളിക്കുന്നു (പൂക്കൈതേ നിൻ )

മുകിലേ നീ തൊട്ടു കളിക്കും പുഴ നൃത്തം ചെയ്യുമ്പോൾ
ഗുരുനാഥർ മരതകഗിരികൾ പാഠാവലിയീ ഭൂമി
അറിവാകും അഴകെല്ലാം നീ ചാർത്താൻ വരികില്ലേ
പൂങ്കാറ്റേ നിൻ സ്വരമോ എൻ ഹൃദയം മൂളുന്നു
ഏലേലം പാടും തെന്നൽ പൂക്കാവടിയാടുമ്പോൾ
കണിമുത്തേ നീ മഴയായ് തൂകൂ ആനന്ദം  (പൂക്കൈതേ നിൻ )

മിഴിയാകും ചെറുമണി ശംഖിൽ സ്നേഹക്കടൽ നീ തന്നു
മൊഴിയാലെൻ കരളിൽ നീ കൽക്കണ്ടക്കളമിട്ടു
അലിവാകും അമൃതെല്ലാം നീ ഇന്നു വിളമ്പില്ലേ
പൂത്തുമ്പീ നിൻ ചിറകോ ഒരു ഹൃദയം തേടുന്നു
ഏഴാംകടൽ മേലേ ഒരു ചന്ദ്രോദയ സ്നേഹം
ഇനിയെന്നും സുഖമായ് നീ വാഴൂ കണ്മണിയേ (പൂക്കൈതേ നിൻ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pookkaithe nin