പമ്പയൊഴുകുന്നൂ…

പമ്പയൊഴുകുന്നൂ…

പാലാഴിയൊഴുകുന്നൂ…

സ്വാമിനാമം പാടി ദക്ഷിണ

ഗംഗയൊഴുകുന്നൂ…

ഹരിഹരാത്മജനയ്യനയ്യൻ

വാണിടും മലതേടിയെത്തും

പതിതരെ വരവേറ്റു സ്വാഗത

ഗീതി പാടുന്നൂ…



തരളമാനസരായ് കരിന്തുകിൽ

ചാർത്തിയും വ്രതശുദ്ധിയോടിരു

മുടിയുമേന്തി കരികൾ മേവിടു

മടവിതാണ്ടുമ്പോൾ

രാമചന്ദ്രപദാരവിന്ദം

പൂത്തൊരാ പുളിനം നമിച്ചിഹ

ശാന്തിയേകും ജലധിയിൽ

നീരാടി നില്ക്കുന്നൂ,  പുണ്യം

പൂവിടും പടിയേറുവാൻ കുളിർ

മാലചാർത്തുന്നൂ



കളകളാരവശരണമാധുരി

തൂകിയും ചരിതങ്ങൾ വാഴ്ത്തിയു-

മമൃതമായൊഴുകുന്നൊരാവഴി

തൊഴുതു നീങ്ങുമ്പോൾ

ഉണരുമേതുമനസ്സിലും ശബ-

രീശ കീർത്തനസാധകം, അതു

കേട്ടു കാനനഭൂമിയും പുള-

കാർദ്രയാകുന്നൂ, ഞാനും

ആ സ്വരത്തിലലിഞ്ഞു താനേ

നീലിയേറുന്നൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pambayaarozhukunnu

അനുബന്ധവർത്തമാനം