ഒരു വട്ടം കൂടിയെന്നോർമ്മകൾ
ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്ന
തിരുമുറ്റത്തെത്തുവാൻ മോഹം
തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്നൊരാനെല്ലി
മരമൊന്നുലുത്തുവാൻ മോഹം.
അടരുന്ന കായ്മണികൾ പൊഴിയുമ്പോൾ
ചെന്നെടുത്ത് അതിലൊന്നു തിന്നുവാൻ മോഹം
സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം
തൊടിയിലെ കിണർവെള്ളം കോരിക്കുടിച്ചെന്തു
മധുരമെന്നോതുവാൻ മോഹം
എന്തു മധുരമെന്നോതുവാൻ മോഹം
ഒരുവട്ടം കൂടിയാപ്പുഴയുടെ തീരത്തു
വെറുതെയിരിക്കുവാൻ മോഹം
വെറുതെയിരുന്നോരാക്കുയിലിന്റെ
പാട്ടുകേട്ടെതിർപാട്ടു പാടുവാൻ മോഹം
അതുകേൾക്കെയുച്ചത്തിൽ കൂകും കുയിലിന്റെ
ശ്രുതി പിന്തുടരുവാൻ മോഹം
ഒടുവിൽ പിണങ്ങി പറന്നുപോം പക്ഷിയോടു
അരുതേയെന്നോതുവാൻ മോഹം
വെറുതേയീ മോഹങ്ങൾ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാൻ മോഹം..
വെറുതേയീ മോഹങ്ങൾ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാൻ മോഹം..
വെറുതേ മോഹിക്കുവാൻ ........... മോഹം..