അരികിൽ നീയില്ലെന്ന സത്യത്തിനെ(F)

അരികിൽ നീയില്ലയെന്ന സത്യത്തിനെ
അറിയുവാനായതില്ലെനിക്കിപ്പോഴും
അതിനു മണ്ണിൽ ചിരിക്കാതിരിക്കണം
ഇനിയൊരിക്കലും പിച്ചകപ്പൂവുകൾ
പിച്ചകപ്പൂവുകൾ.. (അരികിൽ..)

ജനലഴികളിൽ പുലരി തൻ പൊൻ വിരൽ
പതിയെ വന്നു തൊടാതിരിക്കണം
ഒരു നിശ്ശബ്ദമാം സമ്മതമെന്ന പോൽ
പുഴയിലോളം സ്ഫുരിക്കാതിരിക്കണം
പുതുമഴ പെയ്ത്തിനാർദ്രമായ് മണ്ണിന്റെ
നറുമണം വീണ്ടും പുണരാതിരിക്കണം (അരികിൽ..)

ചിറകടിച്ചു വന്നമ്പലപ്രാവുകൾ
കുറുകി സന്ധ്യയെ മീട്ടാതിരിക്കണം
ചെവിയിലെന്തോ മൊഴിഞ്ഞ പോൽ കാറ്റിന്റെ
കുസൃതി വീണ്ടും കിലുങ്ങാതിരിക്കണം
തെളിവെളിച്ചത്തിൽ ഉടലിൽ നിന്നിത്തിരി
വഴുതി മാറണം നിഴലിനെ വിട്ടിനി
അതുവരേയ്ക്കുമറിയുന്നതെങ്ങനെ 

അരികിലില്ല നീയെന്ന സത്യത്തിനെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Arikil Neeyillenna Sathyathine