ആദിപരാശക്തി അമൃതവർഷിണി

ആ..ആ...ആ....ആ....
ആദിപരാശക്തി അമൃതവർഷിണീ
അനുഗ്രഹിക്കൂ ദേവീ
നിൻ തിരുനടയിലഞ്ജന മയിലായ്
നൃത്തമാടാനനുവദിക്കൂ എന്നെ
നൃത്തമാടാനനുവദിക്കൂ

ആ..ആ...ആ...ആ‍ാ..
സരിഗമപധനികൾ ദേവീ നിൻ
സംഗീത കലാധമനികൾ
എനിക്കു തരൂ മനസ്സിനുള്ളിലൊ-
രപൂർവരാഗമായ് പറന്നു വരൂ
പത്മരാഗചിലങ്കകൾ ചലിപ്പിക്കൂ
ആ...ആ‍...ആ...ആ....

കല്പകവനത്തിലെ കാമസങ്കേതത്തിലെ
കേളീഗൃഹം തേടി വന്നവൾ ഞാൻ
എന്നെ പുഷ്പശരം കൊണ്ട് മൂടുക മൂടുക
പ്രേമപൗരുഷമേ
മന്ത്രവാദിനീ മായാനർത്തകീ
മന്മഥൻ ഞാൻ നിന്റെ മന്മഥൻ ഞാൻ
തവപദ വിന്യാസങ്ങളിലൂടെ
തളിരിടുന്നൂ വസന്തം

കൗമുദീകല ശിരസ്സിൽ ചൂടിയ
ഗൗരീശങ്കര ശിഖരങ്ങളേ
കണികണ്ടുണരൂ ശിവതാണ്ഡവമിതു
കണി കണ്ടുണരൂ

കലാദേവതേ നിൻ തൃക്കണ്ണിൽ
നിന്നൊരു തീ നാളം ചൊരിയൂ
ഈ നർത്തകിമാരുടെ നഗ്നപദങ്ങളേ
അഗ്നി കൊണ്ട് പൊതിയൂ

വർഷമേഘം വാഹനമാക്കും
വരുണഭഗവാനേ ഈ
നൃത്തമത്സര മണ്ഡപത്തിൽ നീ
സ്വർഗ്ഗഗംഗയായൊഴുകി വരൂ
ഒഴുകി വരൂ ഒഴുകി വരൂ..

ഇന്നോളമിക്കോട്ട കാത്തു സൂക്ഷിച്ചൊരു
പൊന്നാപുരത്തമ്മേ ഇവിടെ
പൊട്ടിക്കിളിർക്കട്ടെ തൃക്കയ്യിലേന്തുന്ന
പൊന്നും തൃശൂലങ്ങൾ

സൃഷ്ടിയുടെ ശില്പകലാശാലയിലെ
സ്വർഗ്ഗനന്ദിനിയല്ലെ നീ സ്വർഗ്ഗനന്ദിനിയല്ലേ
സർവാംഗസുന്ദരീ നീയെങ്ങനെയൊരു
സംഹാര താണ്ഡവമാടും - വിശ്വ
സംഹാര താണ്ഡവമാടും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Adiparashakthi

Additional Info

അനുബന്ധവർത്തമാനം