ജനിച്ചു നീ ജനിച്ചൂ

ജനിച്ചു... നീ ജനിച്ചു...
ജനിച്ചപ്പോൾ നീ മാത്രം കരഞ്ഞു 
ഞാൻ ചിരിച്ചു...
ഇനിയുള്ള ദൂരവും ഭാരവുമോർത്താവാം 
ഇടനെഞ്ചുപൊട്ടി നീ കരഞ്ഞു...
പുതിയൊരു ജീവന്റെ തിരപ്പുറപ്പാടുകണ്ടു 
പരിസരം മറന്നു ഞാൻ ചിരിച്ചു...

വളർന്നു... നാം വളർന്നു...
വളർന്നപ്പോൾ ഇരുപേരും ചിരിച്ചു 
ഒപ്പം കരഞ്ഞു...
കൈവന്ന സൗഭാഗ്യപ്പൊലിമയാൽ രണ്ടുപേരും 
കൈകൊട്ടി പലപ്പോഴും ചിരിച്ചു...
മറയുന്ന സ്വപ്നത്തിൻ വല്മീക പുതപ്പിനുള്ളിൽ 
മനംനൊന്തു നമ്മൾ രണ്ടും കരഞ്ഞു...

മരിച്ചു... നീ മരിച്ചു...
മരിച്ചപ്പോൾ നീ മാത്രം ചിരിച്ചു 
ഞാൻ കരഞ്ഞു...
തീരാത്ത ജീവിത ഭാരങ്ങൾ മൃത്യുവിന്റെ 
തീരത്തിറക്കി നീ ചിരിച്ചു...
സുഖദുഃഖം പങ്കുവച്ചു പറയാതെ പോയ്‌മറഞ്ഞ 
സുഹൃത്തിനെ ഓർത്തു ഞാൻ കരഞ്ഞു...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Janichu nee Janichu

Additional Info

Year: 
1985