ചേരി തിരിഞ്ഞു
ചേരി തിരിഞ്ഞു ചുവന്നൊരു മണ്ണിൽ
ചേലത്തൂർ തന്നിൽ...
പോരു ജയിച്ചവർ.. നാൽവരുമൊന്നായ്
വാണിടുമൊരു കാലം...
ഇല്ലാ.. നല്ല ഗുണങ്ങളവർക്കാ തമ്പ്രാക്കന്മാർക്ക്...
ഉള്ളൊരു പെങ്ങൾ മാത്തിലെയമ്മ നന്മകൾ നിറകുടമായ്...
ചേരി തിരിഞ്ഞു ചുവന്നൊരു മണ്ണിൽ...
ചേലത്തൂർ തന്നിൽ....
വാവു കറുത്തിരുൾ മൂടിയ രാവിൽ..
കർക്കിടകം നാളിൽ...
ഗർഭിണിയാമൊരു ശൂദ്രപ്പെൺകൊടി.. ചെന്നാ മുറ്റത്ത്
നൊന്തു പിടഞ്ഞു കരഞ്ഞു മാത്തിലയമ്മേ.. അടിയനൊരാൾ
അഗതിയുമന്യയുമാണിതു സത്യം... .
കൈവെടിയല്ലീ രാവിൽ...
ചേരി തിരിഞ്ഞു ചുവന്നൊരു മണ്ണിൽ... ചേലത്തൂർ തന്നിൽ
അറിവലിവാർദ്രതയുള്ളവരെല്ലാം.. കേട്ടു കനിഞ്ഞപ്പോൾ
ഏഴഴകാർന്നൊരു പൈതൽ പിറന്നു ...
അന്തിനിലാവൊളി പോൽ...
ഇല്ലം വാഴും തമ്പ്രാക്കന്മാർ കണ്ടു നടുങ്ങിപ്പോയ്...
ഇല്ലം ഇതാരുടെ ഈറ്റില്ലം.. ഹാ... ശുദ്ധി നശിച്ചേ പോയ്....
കോപമുണർന്നുടലാകെ വിറച്ചു... കല്പിച്ചൊരു തമ്പ്രാൻ....
ചേക്കുട്ടിക്കുന്നേറ്റു കുറുനരി കൊന്നു ഭുജിക്കട്ടെ
ആ... പെൺകൊടിയും അവളുടെ കുഞ്ഞും
എങ്ങു പൊലിഞ്ഞേ... പോയ്
മാനമിടിഞ്ഞു തീമഴ പെയ്തു... നീതി പിഴച്ചതുപോൽ
ചേതന ചോർന്നൊരു ചേലത്തൂരിൻ വേദനയാരറിയാൻ...
ചോര പുരണ്ടൊരു ചേക്കുട്ടിക്കുന്നാരു തുടച്ചീടാൻ
ഉള്ളതറിഞ്ഞവൾ... മാത്തിലെയമ്മ... എല്ലാം വിട്ടോടി....
അവരുടെ ശാപമതേറ്റതിനാലോ... ഇല്ലം ഗതി മുട്ടി...
നീതി പിഴച്ചൊരു നാടു വെടിഞ്ഞൊരു നവലോകം പണിയാൻ.
ചേതമുലയ്ക്കാതുള്ളൊരു.. ജീവിതയോഗം തുണയാവാൻ
സ്നേഹത്താൽ തൻ മാറു ചുരത്തും..ദൈവക്കരുവാകാൻ
മാക്കൂട്ടത്തായുള്ള കുളത്തിൽ...പ്രാണനൊടുക്കിയവൾ...