തുടി കൊട്ടിക്കൊണ്ട്

തുടി കൊട്ടിക്കൊണ്ട് തുടി കൊട്ടിക്കൊണ്ട് 
തുടി കൊട്ടിക്കൊണ്ട് പാടിടാം..
മഹിത മനിത ചരിതമെഴുതും ഭുവനമെന്‍റെ കേരളം
തുടി കൊട്ടിക്കൊണ്ട് തുടി കൊട്ടിക്കൊണ്ട്
തുടി കൊട്ടിക്കൊണ്ട് പാടിടാം..
ഹരിത ഹൃദയവനിക നിറയും അഴക്‌ഭൂമി കേരളം
കവിത പാടും തീരം.. കടലലയിടും താളം
ലയനലാസ്യമാടിടും കഥകളിയുടെ കേരളം..
തുടികൊട്ടിക്കൊണ്ട്.. തുടികൊട്ടിക്കൊണ്ട് മഴതുള്ളിക്കൊണ്ട്
പുഴ നീന്തിക്കൊണ്ട്.വഴിയറിഞ്ഞങ്ങു പോയിടാം..
ഉയിരിനുയിരില്‍ ഉണര്‍വ്വു പകരുമമൃതമെന്റെ കേരളം..

തുഞ്ചനന്‍പില്‍ എഴുതി.. കിളി കൊഞ്ചലിന്‍റെ മൊഴിയില്‍
ഉണ്മയാര്‍ന്നൊരറിവിന്‍ മലയാളമെന്നൊരരുവി..
കുഞ്ചനഞ്ചും തുള്ളലായി വള്ളത്തോളിനീണമായി  
മാറ്റമെന്ന കാറ്റിലേറി ആശാന്‍ പാടി ..
വയല്‍വരമ്പിലരുമയായി കതിരുവന്നു കണിയൊരുക്കി
കമനി തന്‍റെ കല വിടര്‍ന്ന കാലം വന്നൂ
തെയ്യം തിറയാട്ടവും പൂരക്കളി കൂട്ടവും..
വെഞ്ചാമരം വീശിയീ.. കൈരളിക്കു കാന്തിയായ്‌
ഗഗനതീരമാകെ.. അലയുമിന്ദു തേടും
കോമളാംഗിയായിടും കുമുദിനി എന്‍റെ കേരളം..
തുടി കൊട്ടിക്കൊണ്ട് തുടി കൊട്ടിക്കൊണ്ട് 
തുടി കൊട്ടിക്കൊണ്ട് പാടിടാം..
മഹിത മനിത ചരിതമെഴുതും ഭുവനമെന്‍റെ കേരളം..

ശംഖനാദമുയരും മലയാണ്മ തന്‍റെ നടയില്‍..
ബാങ്ക് തീര്‍ന്ന നേരം.. പള്ളിമണികള്‍ തീര്‍ത്തു പുലരീ  
പലസ്വരങ്ങള്‍ ഒരുമയോടെ പഞ്ചവാദ്യപ്പെരുമയായി
പാരിടത്തില്‍ ഇവിടെയിന്നു ചേരുന്നുണ്ടേ..
നിള തുളുമ്പും ഇളനിലാവിന്‍ കളരിയങ്കക്കളമിതൊന്നില്‍
പഴമതന്‍റെ വീരഗാഥ കേള്‍ക്കുന്നുണ്ടേ ..
വള്ളംകളിപ്പാട്ടുമായ്‌.. ചിങ്ങമാസത്തോണിയില്‍
തുമ്പിതുള്ളി വന്നുവോ.. മോഹനാംഗി മേദിനി..
പുഴകള്‍ മാല തീര്‍ക്കും.. മണിമലയുടെ മാറില്‍
ചുരന്ന ജീവധാരയാം ജനനിയെന്റെ കേരളം..
തുടികൊട്ടിക്കൊണ്ട് തുടികൊട്ടിക്കൊണ്ട് മഴതുള്ളിക്കൊണ്ട്
പുഴ നീന്തിക്കൊണ്ട് വഴിയറിഞ്ഞങ്ങു പോയിടാം
ഉയിരിനുയിരില്‍ ഉണര്‍വ്വു പകരുമമൃതമെന്റെ കേരളം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
thudikotti kond

Additional Info

Year: 
2014