പൂ കുങ്കുമപ്പൂ...

പൂ കുങ്കുമപ്പൂ പുഞ്ചിരിയ്ക്കും ചെമ്പകപ്പൂ
എന്‍നെഞ്ചകത്തെ തങ്കനിലാ താമരപ്പൂ
പട്ടുനീലാവു പൊട്ടുവിരിഞ്ഞൊരോര്‍മ്മകളില്‍
കുട്ടികളായ് മുത്തു മെനഞ്ഞ പട്ടിളം ചില്ലകളില്‍
കുഞ്ഞു പൂ കുങ്കുമപ്പൂ പുഞ്ചിരിയ്ക്കും ചെമ്പകപ്പൂ
എന്‍നെഞ്ചകത്തെ തങ്കനിലാ താമരപ്പൂ 

അമ്പത്തൊന്നക്ഷരം ചൊല്ലിപ്പഠിപ്പിച്ചൊരെന്‍ ഗുരുനാഥനല്ലേ
അന്തിക്കിരുട്ടിലെ വെട്ടം തെളിയിച്ച കൈത്തിരിനാളമല്ലേ
താരാട്ടു മൂളാന്‍ പാട്ടായതും താളം പിടിയ്ക്കും വിരലായതും
അമ്മയില്ലാത്ത നൊമ്പരമ്മായ്ക്കും അച്ഛന്റെ പുണ്യമല്ലേ 

കാവിലെ ഉത്സവം കാണുവാന്‍ പോകുമ്പം തോളിലുറങ്ങിയതും
കര്‍ക്കിടക്കാറ്റിലെ കോടമഴയത്ത് കൂടെയിറങ്ങിയതും
ഉണ്ണിപൊന്നുണ്ണി വിളിയായതും കണ്ണാടി പോലെന്‍ നിഴലായതും
നെഞ്ചിലുലാവും സങ്കടം തീര്‍ത്തൊരച്ഛന്റെ നന്മയല്ലേ