കുങ്കുമസന്ധ്യതൻ ചിതയിൽ
കുങ്കുമസന്ധ്യതൻ ചിതയിൽ നിന്നും
ചിറകടിച്ചുയരുന്ന ശ്യാമരാത്രി
എന്നന്തരാത്മാവിൻ ഉണരുന്ന നോവിന്റെ
ഗീതങ്ങളറിയാതെ ഏറ്റു ചൊല്ലി
വിരഹാർദ്ര ഗീതങ്ങളേറ്റു ചൊല്ലി
കുങ്കുമസന്ധ്യതൻ ചിതയിൽ നിന്നും
ചിറകടിച്ചുയരുന്ന ശ്യാമരാത്രി
ഇരുവഴിയായ് സ്വയം പിരിയാനാണെങ്കിൽ
എന്തിനു നാം തമ്മിൽ കണ്ടു മുട്ടി
ഒന്നും മൊഴിയാതെ അകലാനാണെങ്കിൽ
എന്തിനു സ്വപ്നങ്ങൾ പങ്കുവെച്ചു
നിത്യമാം ഒരു ശോകമൂക പ്രതീകമായ്
അനുരാഗതാരയിൽ ഞാൻ നില്പൂ -നിന്നെ
ഒരു നെടുവീർപ്പുമായ് കാത്തു നില്പൂ
കുങ്കുമസന്ധ്യതൻ ചിതയിൽ നിന്നും
ചിറകടിച്ചുയരുന്ന ശ്യാമരാത്രി
നീയറിഞ്ഞീടാതെ ഞാനറിഞ്ഞീടാതെ
പോയ ജന്മങ്ങൾതൻ പുണ്യമായി
കളിചിരി മാറാതെ കഥചൊല്ലി തീരാതെ
കാലങ്ങളെത്രയോ കഴിഞ്ഞു നമ്മൾ
മറക്കാൻ ശ്രമിച്ചിട്ടും മായാതെ-
യെന്നുമെൻ മനസ്സിൽ നീ മാത്രം നിറഞ്ഞു നിന്നു - വീണ്ടും
എന്തിനു നീ മാത്രം തെളിഞ്ഞു നിന്നു
കുങ്കുമസന്ധ്യതൻ ചിതയിൽ നിന്നും
ചിറകടിച്ചുയരുന്ന ശ്യാമരാത്രി
എന്നന്തരാത്മാവിൻ ഉണരുന്ന നോവിന്റെ
ഗീതങ്ങളറിയാതെ ഏറ്റു ചൊല്ലി
വിരഹാർദ്ര ഗീതങ്ങളേറ്റു ചൊല്ലി
കുങ്കുമസന്ധ്യതൻ ചിതയിൽ നിന്നും
ചിറകടിച്ചുയരുന്ന ശ്യാമരാത്രി