തെയ്യ് തെയ്യ് ചൊല്ലി
തെയ്യ് തെയ്യ് ചൊല്ലിക്കൈ മെയ് തുള്ളി
പാഞ്ഞീടാം പടകു കുതിരയിൽ
ആയം കൂട്ടി തോയം തോറ്റിക്കേറീടാം തയമ്പിൻ തായമ്പക
മുറുകും പെരുമ്പറകൾ ഹൊയ്യ് ഹൊയ്യ്
കരളിൻ കുളമ്പടികൾ തെയ്യ് തെയ്യ്
മഹിമക്കൊടുമുടികൾ കേറാം
മനസ്സിൽ മണിക്കൊടികൾ പാറാം
ജേതാക്കൾ നമ്മൾ -പുതിയ
പുലരിയുടെ നേതാക്കൾ നമ്മൾ
ചുവടു പിഴയരുത് തളരാതെ
തുഴയുന്നീ ജലകേളി തുടരാം
ഇതിലിന്ത്യ തിരയുന്നൊ-
രിതിഹാസമെഴുതാം
ഈ കൈകളിൽ ഭാവിതൻ പാല്‍പ്പാതകൾ നീർത്തിടാം
ഒരു തുഞ്ചനതിൽ നിന്നു- മെഴുന്നേൽക്കണം
ഒരു കുഞ്ചനതിൽ വന്നു നടമാടണം
തലമുറ കൈ കോർത്തു നിൽക്കും
ജലനിലയനക്കുടീരം
അതിലൊരു സുവർണ്ണ നീർകുംഭം
കനകജലജക്കിരീടം
കനവുകൾ മെനഞ്ഞ ചുണ്ടൻ
ശിരസ്സിലണിയുന്നൊരാ നേരം
ഇരുണ്ട മനങ്ങൾ പ്രകാശനീർത്തടങ്ങൾ
തഴുകിയ തരംഗമായ് അലങ്കരിക്കാം
പറന്നു തുഴഞ്ഞാൽ പരാജയപ്പിശാചിൻ
കൊരവള്ളിയറുത്തെറിഞ്ഞജയ്യരാകാം
ജയാദ്രി പിടിച്ചെടുത്തടക്കിവാഴാം
കുശാഗ്ര മനങ്ങളെ തുഴഞ്ഞു കേറി
നിറകരളിൽ അരിയ കലകൾ
മഴകൾ ചൊരിയുമളവിൽ ഉശിരു പകരിൻ
ജയക്കൊടി ജലക്കൊടി
ജനക്കൊടി ജനിക്കുവാൻ
ഇനിയുമില്ലധികനേരം
ഉശിരോടെ തുഴകളിന്നു-
യിരളന്നെറിഞ്ഞീടിൽ
വിജയമീ തച്ചിലേടത്തിൽ
ജയക്കൊടി ജലക്കൊടി
ജനക്കൊടി ജനിക്കുവാൻ
ഇനിയുമില്ലധിക നേരം
ഉശിരോടെ തുഴകളിന്നു-
യിരളന്നെറിഞ്ഞീടിൽ
വിജയമീ തച്ചിലേടത്തിൽ