കൊട്ടറ ഗോപാലകൃഷ്ണന്‍

Kottara Gopalakrishnan
Date of Death: 
തിങ്കൾ, 17 February, 2003

1943 ൽ കൊല്ലം കൊട്ടറയിൽ ജനിച്ച ഗോപാലകൃഷ്ണൻ കോൺഗ്രസ് നേതാവും നാലാം കേരള നിയമസഭയിലെ അംഗവുമായിരുന്നു. 1970 ലെ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കര നിയോജക  മണ്ഡലത്തിൽ ബാലകൃഷ്ണപിള്ളയെ തോൽപ്പിച്ച ഇദ്ദേഹത്തിന് പശുവും കിടാവും ചിഹ്നത്തിൽ 32,536 വോട്ട് ലഭിച്ചപ്പോൾ ബാലകൃഷ്ണപിള്ളയ്ക്ക് 27,859 വോട്ടേ ലഭിച്ചുള്ളൂ. അടിയന്തരാവസ്ഥയുടെ കാലംകൂടി ചേർത്ത് തുടർച്ചയായി ഏഴുവർഷം എം.എൽ.എ. ആയ ഇദ്ദേഹം മുദ്രാവാക്യരചനയിൽ ശ്രദ്ധേയനായിരുന്നു.

നിരവധി ഗാനങ്ങൾ രചിക്കുകയും പാടുകയും ചെയ്തിട്ടുള്ള ഇദ്ദേഹത്തിന്റെ മുദ്രാവാക്യങ്ങൾ പ്രശസ്തമാണ്. ‘ഇ.എം.എസ്സിനെ ഈയംപൂശി ഈയലുപോലെ പറപ്പിക്കും’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്.

കേരള യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, കൊല്ലം ഡി.സി.സി. പ്രസിഡന്റ്, കേരള ഖാദി ബോർഡ് വർക്കേഴ്സ് യൂണിയൻ ഭാരവാഹി എന്നീ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം തച്ചടി പ്രഭാകരനുമായി ചേർന്ന് വീക്ഷണം നാടകട്രൂപ്പ്‌ ഉണ്ടാക്കി പ്രവർത്തിച്ചിരുന്നു.  കൂടാതെ മലയാളരാജ്യം പത്രാധിപസമിതി അംഗമായിരുന്നു.

കൂടാതെ അരവിന്ദന്റെ തമ്പ്, കുമ്മാട്ടി, പോക്കുവെയിൽ, ഒരിടത്ത്, വസ്തുഹാര ഷാജി എൻ.കരുണിന്റെ പിറവി, സ്വം നെടുമുടിയുടെ പൂരം സി പി പത്മകുമാറിന്റെ സമ്മോഹനം എന്നീ സിനിമകളിലും അഭിനയിച്ചിട്ടുള്ള ഇദ്ദേഹം 2003 ഫെബ്രുവരി 17 ആം തിയതി തന്റെ 60 ആം വയസ്സിൽ അന്തരിച്ചു.