കവിപ്രസാദ്‌ ഗോപിനാഥ്

Kaviprasad Gopinath
എഴുതിയ ഗാനങ്ങൾ: 5
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

വള്ളിക്കാട്ടിൽ ഡി.ഗോപിനാഥൻ നായരുടേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി ഇടുക്കി ജില്ലയിലെ മൂലമറ്റത്ത് ജനിച്ചു. വിദ്യാഭ്യാസകാലത്ത് കഥ, കവിത രചനകൾ നടത്തിയിരുന്ന കവിപ്രസാദ് വൈലോപ്പിള്ളി സ്മാരക ശ്രീരേഖ പുരസ്ക്കാരമടക്കമുള്ള വിവിധ അംഗീകാരങ്ങൾ നേടിയിരുന്നു.  ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദധാരിയായ കവിപ്രസാദ് പഠനവും ജോലിയുമൊക്കെയായി എഴുത്തിൽ നിന്നും കുറച്ചുകാലം വിട്ടു നിന്നിരുന്നു.

ടെക്നോപാർക്കിൽ ഐ ടി മേഖലയിൽ ജോലി ചെയ്ത് വരവേ കൊറോണക്കാലത്തെ ഏകാന്തതയിലാണ് അദ്ദേഹം വീണ്ടും രചനാമേഖലയിലേയ്ക്ക് തിരിച്ചുവന്നത്. "ഓണമാണ് വീണ്ടും ഓണമാണ്.. എന്ന മ്യൂസിക്കൽ ആൽബത്തിലെ ഗാനങ്ങൾ എഴുതിക്കൊണ്ടാണ് കവിപ്രസാദ് തന്റെ എഴുത്തിന് വീണ്ടും തുടക്കമിട്ടത്. ജെറി അമൽദേവ്, വിദ്യാധരൻ മാസ്റ്റർ, പെരുമ്പാവൂർ ജി രവീന്ദ്രനാഥ് തുടങ്ങിയ പ്രഗത്ഭ സംഗീത സംവിധായകരുമായി ചേർന്ന് നിരവധി സംഗീത ആൽബങ്ങൾ പുറത്തിറക്കി. 2023 -ൽ ഇറങ്ങിയ ക്ലാസ് ബൈ എ സോൾജ്യർ എന്ന സിനിമയിലൂടെ ഗാനരചയിതാവ് എന്ന നിലയിൽ സിനിമാരംഗത്ത് അരങ്ങേറി. അതിനുശേഷം പൊക എന്ന സിനിമയിലും ഗാനരചന നിർവഹിച്ചു. 2025 -ൽ അം അഃ എന്ന ചിത്രത്തിലൂടെ തിരക്കഥാ രചനയിലും കവിപ്രസാദ് തുടക്കം കുറിച്ചു. 

അന്താരാഷ്‌ട്ര യുആർടിഐ റേഡിയോ ഗ്രാൻഡ്പ്രീ അവാർഡ്സിൽ ക്രിയേറ്റീവ് റൈറ്റിംഗിനുള്ള ജാക്വസ് മത്തേയ് അവാർഡ് 'വീണ്ടും ജനിക്കുന്ന വരട്ടാർ' എന്ന റേഡിയോ ഡോക്യു-ഡ്രാമയുടെ സ്‌ക്രിപ്റ്റിലൂടെ കവിപ്രസാദ് കരസ്ഥമാക്കി. 'ജീവനിലേക്കുള്ള ആ സുവർണനിമിഷങ്ങൾ' എന്ന ഷോർട് സ്ക്രിപ്റ്റ്, വിവിധ അന്താരാഷ്ട്ര അവാർഡ് നോമിനേഷനുകൾക്കായി ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഓൾ ഇന്ത്യ റേഡിയോ ന്യൂഡൽഹി തിരഞ്ഞെടുത്തിരുന്നു. സ്വതന്ത്ര സംഗീത YouTube ചാനലായ 'Kaapi Channel' -ന്റെ ക്രിയേറ്റീവ് ഡയറക്ടറും പ്രധാന ഗാനരചയിതാവുമാണ് അദ്ദേഹം. ആകാശവാണി തിരുവനന്തപുരം, കൊച്ചി കേന്ദ്രങ്ങളിൽ ലളിതഗാന പരിപാടികൾക്ക് ആഖ്യാനങ്ങൾ എഴുതുന്നതിനുള്ള പാനലിസ്റ്റായും കവിപ്രസാദ് പ്രവർത്തിച്ചിട്ടുണ്ട്. ആകാശവാണിക്കു വേണ്ടി ലളിതഗാനങ്ങൾ എഴുതിയിട്ടുമുണ്ട്