എ കെ വേലപ്പൻ ഒറ്റപ്പാലം
അഭിനേതാവ്, ലൊക്കേഷൻ മാനേജർ. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് ഏലാദിക്കുളങ്ങര മനിശ്ശീരിയിൽ കൃഷ്ണനെഴുത്തച്ഛന്റെയും സരോജിനിയമ്മയുടെയും അഞ്ചു മക്കളിൽ ഒരാളായി ജനിച്ചു. മനിശ്ശീരി സ്ക്കൂളിലായിരുന്നു വേലപ്പന്റെ പ്രാഥമിക വിദ്യാഭ്യാസം. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വേലപ്പന് നാലാം ക്ലാസ് വരെ മാത്രമേ പഠിയ്ക്കാൻ കഴിഞ്ഞിരുന്നുള്ളൂ. സ്ക്കൂൾ പഠനം നിർത്തിയതിനുശേഷം അദ്ധേഹം ഒരു തീപ്പട്ടിക്കമ്പനിയിൽ ജോലിക്കു ചേർന്നു. പിന്നീട് അതുപേക്ഷിച്ച് ലോട്ടറിക്കച്ചവടത്തിലേയ്ക്ക് തിരിഞ്ഞു. വിറ്റുപോകാതെ കൈവശം ബാക്കിയായ ലോട്ടറിയ്ക്ക് ഒന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപയും മാരുതിക്കാറും ലഭിച്ചു. അതോടെ ലോട്ടറിക്കച്ചവടം നിർത്തി ആ തുക കൊണ്ട് വാണിയംകുളത്ത് വേലപ്പൻ ഒരു ചെറിയ ഹോട്ടൽ തുടങ്ങി.
ആ സമയത്ത് അദ്ദേഹം ചില അമച്വർ നാടകങ്ങളിൽ അഭിനയിച്ചിരുന്നു നാടകത്തോടുള്ള താത്പര്യം നിമിത്തം ഒരു നാടക ബുക്കിംഗ് കമ്പനി ആരംഭിച്ചു. എന്നാൽ ചില പ്രശ്നങ്ങളിൽ പെട്ട് അത് പൂട്ടിപ്പോയി. അതിനിടയിൽ വേലപ്പൻ ഒറ്റപ്പാലം ഭാഗങ്ങളിൽ ഷൂട്ടിംഗിനു വന്ന സിനിമാക്കാർക്ക് സ്ഥലങ്ങൾ കാണിച്ചുകൊടുക്കാൻ കൂടെ പോയിരുന്നു. അങ്ങിനെയിരിയ്ക്കെയാണ് ദേവാസുരം സിനിമ വരിക്കാശ്ശേരിമനയിൽ ഷൂട്ടിംഗിനെത്തിയത്. മനയുടെ ചുമതലകൾ ഏറ്റെടുത്ത് നോക്കാൻ ഒരാൾ കൂടെ വേണമെന്ന് സംവിധായകൻ ഐ വി ശശി അവശ്യപ്പെട്ടപ്പോൾ മനയുടെ ഉടമസ്ഥർ ആ ചുമതല ഏൽപ്പിച്ചത് വേലപ്പനെയായിരുന്നു. അങ്ങിനെ ചിത്രീകരണം തീരും വരെ ആ സിനിമാസംഘത്തോടൊപ്പം വേലപ്പൻ പ്രവർത്തിച്ചു. പിന്നീട് ആറാം തമ്പുരാൻ ഷൂട്ടിംഗ് വരിക്കാശ്ശേരി മനയിൽ നടന്നപ്പോളും ലൊക്കേഷൻ ചുമതല വേലപ്പനായിരുന്നു. ലോഹിതദാസ് കൈക്കുടന്ന നിലാവ് തിരക്കഥാരചനയ്ക്കു വേണ്ടി ഒറ്റപ്പാലത്ത് താമസമാക്കിയപ്പോൾ അദ്ദേഹത്തിന്റെ കാര്യങ്ങൾ നോക്കാനുള്ള ചുമതലയും വേലപ്പനു ലഭിച്ചു. അങ്ങിനെ വേലപ്പൻ നാട്ടിലെ സിനിമാക്കാരനായി.
ഒറ്റപ്പാലത്ത് ഷൂട്ടിംഗ് നടന്ന അറനൂറ്റി അൻപതോളം ചിത്രങ്ങളിൽ (മലയാളം,തമിഴ്,തെലുങ്ക്,ഹിന്ദി ചിത്രങ്ങൾ ഉൾപ്പെടെ), ലൊക്കേഷൻ മാനേജരായി പ്രവർത്തിച്ചു. ആദ്യ സിനിമയായ ദേവാസുരം ഉൾപ്പെടെ അറന്നുറോളം സിനിമകളിൽ വേലപ്പൻ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തു. ഒരു തമിഴ് സിനിമയിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്യുകയും അതിന് തമിഴ്നാട് ഗവണ്മെന്റിന്റെ പുരസ്ക്കാരം ലഭിയ്ക്കുകയും ചെയ്തു. ഒട്ടുമിക്ക സിനിമാക്കാരുമായും അടുത്ത ബന്ധം പുലർത്തുന്നയാളാണ് വേലപ്പൻ. മോഹൻലാലുമായി ദേവാസുരം സിനിമമുതൽ തുടങ്ങിയ സൗഹൃദം ഇന്നും തുടർന്നുപോരുന്നുണ്ട്.
മികച്ച അംഗനവാടി ടീച്ചർക്കുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്ക്കാരത്തിന് അർഹയായ ശാന്തകുമാരിയാണ് വേലപ്പന്റെ ഭാര്യ. രണ്ടു മക്കൾ മകൻ ശ്രീജിത്ത്, മകൾ ശ്രൂതി.മകൻ അമേരിക്കയിലും, മകൾ ഇംഗ്ലണ്ടിലും ജോലിചെയ്യുന്നു.
വേലപ്പന്റെ ആദ്യ സിനിമയായിരുന്ന ദേവാസുരത്തിൽ നടൻ സത്താറിനൊപ്പം അദ്ധേഹത്തിന്റെ മക്കളായി അഭിനയിച്ചത് വേലപ്പന്റെ മക്കളായിരുന്നു.
2022 സെപ്റ്റംബറിൽ എ കെ വേലപ്പൻ നിര്യാതനായി.
വിവരങ്ങൾക്ക് കടപ്പാട് - മംഗളം വാരിക.