ജോബിൻ പോൾ
"സ്റ്റാൻഡ് അപ്" എന്ന വിധു വിൻസന്റ് ചിത്രത്തിൽ രജിഷ വിജയൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സഹോദരവേഷത്തിലാണ് ജോബിൻ പോൾ ആദ്യമായി സിനിമയിലെത്തുന്നത്. 1995 നവംബർ 22ന് കൊല്ലത്ത് എം പി പോൾ-സുജാ പോൾ ദമ്പതികളുടെ മകനായി ജോബിൻ ജനിച്ചു. കൊല്ലത്ത് വിവിധ വിദ്യാലയങ്ങളിലായി സ്കൂൾ അദ്ധ്യയനം കഴിഞ്ഞ് തൊടുപുഴയ്ക്കടുത്ത് അൽ അസ്‌ഹർ മെഡിക്കൽ കോളേജിൽ MBBS വിദ്യാർത്ഥിയായി ചേർന്നു. അതിനുശേഷം സിനിമാമോഹം വളരുകയും അഭിനയിക്കാൻ അവസരങ്ങൾക്കായി ശ്രമിക്കുകയും ചെയ്തു.
അങ്ങനെ ഓഡിഷൻ വഴി ആദ്യമായി "സ്റ്റാൻഡ് അപ്പ്"ൽ എത്തി. പിന്നീടും ഷോർട്ട് ഫിലിമുകളിലും സിനിമാ സെറ്റുകളിലും സാന്നിദ്ധ്യമറിയിച്ച് തുടർന്നു. മെഡിക്കൽ വിദ്യാർത്ഥിയെന്ന നിലയിൽ "പ്രതി പൂവൻകോഴി" എന്ന ചിത്രത്തിന്റെ പിന്നണിയിൽ മെഡിക്കൽ ടീം അംഗമായിരുന്നു ജോബിൻ. പിന്നീടാണ് "അറ്റെൻഷൻ പ്ലീസ്" എന്ന ചിത്രത്തിൽ "യദു" എന്ന ശ്രദ്ധേയമായ കഥാപാത്രമാകുന്നത്. തുടർന്ന് അതേ സംവിധായകന്റെ "ഫ്രീഡം ഫൈറ്റി"ലെ "പ്ര.തു.മു."വിൽ അഭിനയിച്ചു.