ബാറ്റൺ ബോസ്

Batten Bose
Date of Birth: 
ചൊവ്വ, 17 November, 1959
കെ എം ചാക്കോ
K M Chacko
കഥ: 5
സംഭാഷണം: 4
തിരക്കഥ: 4

അപസർപ്പക നോവലുകളിലൂടെയും ക്രൈംത്രില്ലറുകളിലൂടെയും ശ്രദ്ധേയനായ എഴുത്തുകാരനും ബാറ്റൺ ബോസ് എന്ന തൂലികാനാമധാരിയുമായ കെ എം ചാക്കോ ഇടുക്കി ജില്ലയിലെ അടിമാലിയിൽ 1959 നവംബർ 17ന് ജനിച്ചു. അടിമാലി കൂമ്പമ്പാറയിലെ ഫാത്തിമ മാതാ യുപി സ്കൂളിലും എസ്.എൻ.ഡി.പി ഹൈസ്കൂൾ അടിമാലിയിലും ആയിരുന്നു സ്കൂൾ വിദ്യാഭ്യാസം.
എട്ടാംക്ലാസിൽ പഠിക്കുമ്പോൾ അടിമാലി പബ്ലിക് ലൈബ്രറിയിൽ ചേർന്നത് ജീവിതത്തിൽ വഴിത്തിരിവായി. മനോരാജ്യം വാരികയിൽ കോട്ടയം പുഷ്പനാഥ് എഴുതിയ ഡെവിൾ എന്ന കുറ്റാന്വഷണ നോവൽ വായിക്കാനിടയായതോടെയാണ് അപസർപ്പക കൃതികളുടെ ആരാധകനായി മാറിയത്. പിന്നീട് സ്വദേശികളും വിദേശികളുമായ എഴുത്തുകാരുടെ കുറ്റാന്വേഷണ കൃതികൾ തെരഞ്ഞുപിടിച്ചു വായിക്കാൻ തടങ്ങിയത് അത്തരത്തിലൊരു നോവൽ എഴുതാനുള്ള പ്രചോദനം ഉണ്ടാക്കുകയും ഇരുപത്തൊന്നാം വയസ്സിൽ ഡോ. സീറോ എന്ന ഡിറ്റക്ടിവ് നോവൽ എഴുതുകയും മാമാങ്കം വാരികയിൽ അത് പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. എട്ടാംക്ലാസ്സ് വിദ്യാർത്ഥിയായിരിക്കേ സ്കൂളിലെ കയ്യെഴുത്തു മാസികയ്ക്ക് വേണ്ടിയെഴുതിയ കൊച്ചുകഥയെ വിപുലീകരിച്ച് തയ്യാറാക്കിയ ആ നോവലിന്റെ പ്രസിദ്ധീകരണ സമയത്താണ് അദ്ദേഹത്തിന് ബാറ്റൺബോസ് എന്ന തൂലികാനാമം കൈവരുന്നത്. പിന്നീടെഴുതിയ ആഫ്റ്റർ ഡെത്ത് എന്ന നോവൽ കേരള ഭൂഷണം പത്രത്തിന്റെ സൺഡേ സപ്ലിമെന്റിലും പ്രസിദ്ധീകരിക്കപ്പെട്ടു.
  പിൽക്കാലത്ത് റെയ്ഞ്ചർ, കൊള്ളിയാൻ, വാറണ്ട്, കറുത്ത നീരാളി, കാസിനോ തുടങ്ങി 200 ലേറെ നോവലുകളെഴുതുകയും എഴുത്തിന്റേയും പ്രസിദ്ധീകരണത്തിന്റെയും സൗകര്യാർത്ഥം കോട്ടയത്തേക്ക് താമസം മാറുകയും ചെയ്തു. കോട്ടയത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന ഒട്ടുമിക്ക ജനപ്രിയ പ്രസിദ്ധീകരണങ്ങളിലും ബാറ്റൺ ബോസിന്റെ നോവലുകൾ അച്ചടിച്ചു വന്നിട്ടുണ്ട്. പല നോവലുകളും മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലേക്ക് തർജ്ജിമ ചെയ്യപ്പെട്ടിട്ടുമുണ്ട്. റെയ്ഞ്ചർ എന്ന നോവൽ ക്യാപ്റ്റൻ എന്ന പേരിലും, ബ്ലാക്ക് ബെൽറ്റ് എന്ന നോവൽ ശാന്തം ഭീകരം എന്ന പേരിലും സിനിമയായി. ഗജരാജമന്ത്രം എന്ന ഹാസ്യപ്രധാനമായ സിനിമയുടെ കഥയും ഇദ്ദേഹത്തിന്റേതാണ്. ഇതിനു പുറമേ ഏതാനും സിനിമകൾക്ക് തിരക്കഥയും സംഭാഷണവും രചിച്ചിട്ടുമുണ്ട്.