ബി ഹരികുമാർ

B Harikumar(Actor)

ചലച്ചിത്രനടൻ അടൂർ ഭാസിയുടെ സഹോദരി ഓമനക്കുട്ടിയമ്മയുടെയും നൂറനാട് സി.ബി.എം. ഹൈസ്കൂൾ മാനേജരായിരുന്ന സി.ഭാർഗവൻപിള്ളയുടെയും മകനായി 1951 -ൽ തിരുവനന്തപുരത്തു ജനിച്ചു. കാഴ്ചയിലും സംസാരത്തിലും അടൂർ ഭാസിയെ അനുസ്മരിപ്പിക്കുന്ന പ്രകൃതമായിരുന്ന ഹരികുമാർ മലയാളം ദൂരദർശൻ തുടങ്ങിയപ്പോൾ സീരിയലുകളിലൂടെ കുടുംബസദസ്സുകൾക്ക് പ്രിയങ്കരനായി. മലയാറ്റൂരിന്റെ 'ഡോ. വേഴാമ്പൽ' നോവൽ സീരിയലാക്കിയപ്പോൾ അതിലെ അഭിനയംകൊണ്ട് ശ്രദ്ധ പിടിച്ചുപറ്റി.  

ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഹരികുമാർ നിരവധി ടെലിവിഷൻ സീരിയലുകൾക്കും ടെലിഫിലിമുകൾക്കും കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. കൂടാതെ സന്യാസിനി എന്ന ചലച്ചിത്രത്തിനുവേണ്ടി തിരക്കഥയും എഴുതിയീട്ടുള്ള ഇദ്ദേഹത്തിന്റെ പ്രധാന കൃതികൾ താവളം, പകൽ വിളക്ക്, മാരീചം, ചക്രവർത്തിനി, ഡയാന (ഇത്‌ പിന്നീട് സീരിയൽ ആയി), കറുത്ത സൂര്യൻ, ഗന്ധർവ്വൻ പാറ, കണ്മണി, അപരാജിത, വാടാമല്ലിക, കാമിനി, ഭൂരിപക്ഷം, അപഹാരം, രഥം (നോവലുകൾ) അഗ്നിമീളേ പുരോഹിതം (കഥാസമാഹാരം) എന്നിവയാണ്. ഹരിഹരൻ സംവിധാനം ചെയ്ത സർഗം എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ട് അഭിനയരംഗത്ത് എത്തിയ ഹരികുമാർ കളമശ്ശേരിയിൽ കല്യാണയോഗംസാഗരം സാക്ഷി എന്നീ സിനിമകളിലും അഭിനയിച്ചു. ചില ടെലിവിഷൻ സീരിയലുകളിലും അദ്ധേഹം അഭിനയിച്ചിട്ടുണ്ട്. 

ശ്രീലേഖയാണ് ഹരികുമാറിന്റെ ഭാര്യ. ഹേമന്ത് ഏക മകനാണ്.

അടൂർ ഭാസിയുടെ മരുമകൻ, സാഹിത്യകാരൻ.                         

അടൂർഭാസി ഫലിതങ്ങൾ, ചിരിയുടെ തമ്പുരാൻ എന്നീ രണ്ടു പുസ്തകങ്ങൾ അടൂർ ഭാസിയെക്കുറിച്ച് എഴുതിയിട്ടുണ്ട്