അയ്യപ്പപ്പണിക്കർ
ഇ.നാരായണൻ നമ്പൂതിരിയുടെയും എം. മീനാക്ഷിയമ്മയുടെയും മകനായി 1930 സെപ്റ്റംബർ 12 ആം തിയതി അയ്യപ്പപ്പണിക്കർ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ കാവാലത്ത് ജനിച്ചു.
കാവാലം ഗവൺമെന്റ് പ്രൈമറി സ്കൂൾ, എൻ.എസ്.എസ്. മിഡിൽ സ്കൂൾ, മങ്കൊമ്പ് അവിട്ടം തിരുനാൾ ഹൈസ്കൂൾ, പുളിങ്കുന്ന് സെന്റ് ജോസഫ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലായിരുന്നു ബിരുദ പഠനം. അമേരിക്കയിലെ ഇൻഡ്യാന സർവകലാശാലയിൽ നിന്ന് എം.എ., പിഎച്ച്.ഡി. ബിരുദങ്ങൾ നേടി.
കോട്ടയം സി.എം.എസ്. കോളജിൽ ഒരു വർഷത്തെ അദ്ധ്യാപക വൃത്തിക്കുശേഷം 1952 ൽ തിരുവനന്തപുരം എം.ജി. കോളജിലെത്തി. ദീർഘകാലം ഇവിടെയായിരുന്നു അധ്യാപന ജീവിതം.
1960 ൽ ദേശബന്ധു വാരികയിൽ പ്രസിദ്ധീകരിച്ച അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രം എന്ന കവിതയാണ് മലയാള ആധുനിക കവിതയുടെ ആധാരശില.
സർവ്വേന്ദ്രിയസ്പർശിത്വമാണ് കാവ്യാനുഭൂതിയുടെ കാതൽ എന്നെഴുതിയ അയ്യപ്പപ്പണിക്കരുടെ ഓരോ കവിതയും പിന്നീട് മലയാള കവിതയ്ക്ക് നവീന ഭാവുകത്വത്തിലേക്കുള്ള മുന്നേറ്റങ്ങളായി.
മലയാള കവിതയെ ആധുനികതയിലേക്കും ഉത്തരാധുനിക കവിതയിലേക്കും കൈപിടിച്ചു നടത്തിയ അദ്ദേഹം 2006 ആഗസ്റ്റ് 23 ആം തിയതി തന്റെ 76 ആം വയസ്സിൽ അന്തരിച്ചു.