നീ തന്നെ ജീവിതം സന്ധ്യേ
നീ തന്നെ ജീവിതം സന്ധ്യേ
നീ തന്നെ മരണവും സന്ധ്യേ
നീ തന്നെ ഇരുളുന്നു നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ (2)
നിൻ കണ്ണിൽ നിറയുന്നു നിബിഡാന്ധകാരം
നിൻ ചുണ്ടിലുറയുന്നു ഘന ശൈത്യഭാരം
നിന്നിൽ പിറക്കുന്നു രാത്രികൾ പകലുകൾ
നിന്നിൽ മരിക്കുന്നു സന്ധ്യേ
പകലായ പകലൊക്കെ വറ്റിക്കഴിഞ്ഞിട്ടും
പതിവായി നീ വന്ന നാളിൽ
പിരിയാതെ ശുഭരാത്രി പറയാതെ കുന്നിന്റെ
ചെരുവിൽ കിടന്നുവോ നമ്മൾ
പിരിയാതെ ശുഭരാത്രി പറയാതെ കുന്നിന്റെ
ചെരുവിൽ കിടന്നുവോ നമ്മൾ
പുണരാതെ ചുംബനം പകരാതെ
മഞ്ഞിന്റെ കുളിരിൽ കഴിഞ്ഞുവോ നമ്മൾ
വരുമെന്നു ചൊല്ലി നീ ഘടികാരസൂചി തൻ
പിടിയിൽ നിൽക്കുന്നില്ല കാലം
പലതുണ്ട് താരങ്ങൾ അവർ നിന്നെ ലാളിച്ചു പലതും
പറഞ്ഞതിൽ ലഹരിയായ് തീർന്നുവോ
പറയൂ മനോഹരീ സന്ധ്യേ
പറയൂ മനോഹരീ സന്ധ്യേ
അറിയുന്നു ഞാനിന്നു നിന്റെ വിഷമൂർച്ഛയിൽ
പിടയുന്നു എങ്കിലും സന്ധ്യേ
ചിരി മാഞ്ഞു പോയെരെൻ ചുണ്ടിന്റെ കോണിലൊരു
പരിഹാസമുദ്ര നീ കാണും
ചിരി മാഞ്ഞു പോയെരെൻ ചുണ്ടിന്റെ കോണിലൊരു
പരിഹാസമുദ്ര നീ കാണും
ഒരു ജീവിതത്തിന്റെ ഒരു സൗഹൃദത്തിന്റെ മൃതി മുദ്ര നീയതിൽ കാണും
നീ തന്നു ജീവിതം സന്ധ്യേ
നീ തന്നു മരണവും സന്ധ്യേ
നീ തന്നെ ഇരുളുന്നു നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ
ഇനിയുള്ള കാലങ്ങൾ ഇതിലേ കടക്കുമ്പോൾ
ഇതു കൂടിയൊന്നോർത്തു പോകും
എരിയാത്ത സൂര്യനും വിളറാത്ത ചന്ദ്രനും
വിറയാത്ത താരവും വന്നാൽ
അലറാത്ത കടൽ മഞ്ഞിൽ ഉറയാത്ത മലകാറ്റിൽ
ഉലയാത്ത മാമരം കണ്ടാൽ
അവിടെൻ പരാജയം പണി ചെയ്ത സ്മാരകം നിവരട്ടെ നിൽക്കട്ടെ സന്ധ്യേ
അവിടെൻ പരാജയം പണി ചെയ്ത സ്മാരകം നിവരട്ടെ നിൽക്കട്ടെ സന്ധ്യേ
എവിടുന്നു വന്നിത്ര കടുകൈപ്പു വായിലെന്നറിയാതുഴന്നു ഞാൻ നിൽക്കേ
കരി വീണ മനമാകെ എരിയുന്നു പുകയുന്നു
മറയൂ നിശാഗന്ധീ സന്ധ്യേ
മറയൂ നിശാഗന്ധീ സന്ധ്യേ
ചിറകറ്റ പക്ഷിക്കു ചിറകുമായ് നീയിനി പിറകേ വരൊല്ലേ വരൊല്ലേ
അവസാനമവസാന യാത്ര പറഞ്ഞു നീയിനിയും വരൊല്ലേ വരൊല്ലേ
അവസാനമവസാന യാത്ര പറഞ്ഞു നീയിനിയും വരൊല്ലേ വരൊല്ലേ
നീ തന്ന ജീവിതം നീ തന്ന മരണവും
നീ കൊണ്ടു പോകുന്നു സന്ധ്യേ
നീ തന്ന ജീവിതം നീ തന്ന മരണവും
നീ കൊണ്ടു പോകുന്നു സന്ധ്യേ
അവസാനമവസാനമവസാനമീ യാത്ര
അവസാനമവസാനമല്ലോ
അവസാനമവസാനമവസാനമീ യാത്ര
അവസാനമവസാനമല്ലോ
അവസാനമവസാനമവസാനമീ യാത്ര
അവസാനമവസാനമല്ലോ.....