മായാജാലകവാതിൽ തുറക്കും-തഹ്സീൻ

മായാജാലകവാതിൽ തുറക്കും

മായാജാലക വാതിൽ തുറക്കും
മധുരസ്മരണകളേ
മന്ദസ്മിതമാം മണിവിളക്കുഴിയും
മന്ത്രവാദിനികൾ - നിങ്ങൾ
മഞ്ജുഭാഷിണികൾ
(മായാജാലക...)

പുഷ്യരാഗ നഖമുനയാൽ നിങ്ങൾ
പുഷ്പങ്ങൾ നുള്ളി ജപിച്ചെറിയുമ്പോൾ
പൊയ്പോയ വസന്തവും വസന്തം നൽകിയ
സ്വപ്നസഖിയുമെന്നിൽ - ഉണർന്നുവല്ലോ
ഉണർന്നുവല്ലോ
(മായാജാലക...)

തപ്ത ബാഷ്പജലകണങ്ങൾ നിങ്ങൾ
രത്നങ്ങളാക്കിയെനിക്കേകുമ്പോൾ
മണ്ണോടൂ മണ്ണടിഞ്ഞ പ്രണയപ്രതീക്ഷകൾ
സ്വർണ്ണമുളകൾ വീണ്ടും - അണിഞ്ഞുവല്ലോ
അണിഞ്ഞുവല്ലോ
(മായാജാലക...)