ജിജി പി ജോസഫ്
കാഞ്ഞിരപ്പള്ളി സ്വദേശിയായ ജിജി ജോസഫ് ടിവി ചാനലുകളില്‍ ഒരു പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള എഡിറ്ററും ശബ്ദലേഖകനുമാണ്. ചെറുപ്പംമുതലേ സിനിമയില്‍ താത്പര്യമുള്ള ജിജിയാണ് തന്റെ ഗ്രാമത്തിലെ ആദ്യത്തെ കേബിള്‍ ടിവി നെറ്റ്വര്‍ക്ക് തുടങ്ങിയത്. ഹാര്ഡ്വെയര്, മള്‍ട്ടിമീഡിയ ഡിപ്ലോമകള്‍ നേടിയശേഷം ശാലോം ടിവിയില്‍ വീഡിയോ എഡിറ്ററായി ജോലി ചെയ്തു. ഡിജിറ്റല്‍ എഡിറ്റിംഗിലും സൌണ്ട് എന്‍ജിനിയറിങ്ങിലും ഡിപ്ലോമകളുള്ള ജിജി മനോരമ ടിവിയിലും ഗുഡ്നെസ്സ് ടിവിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിൽ യൂ ബീ ദേർ? (2010), അംഗുലീചാലിതം (2013) എന്നീ ഹ്രസ്വചിത്രങ്ങള്‍ എഡിറ്റ് ചെയ്തിട്ടുണ്ട്. സന്ദീപ് കുറിശ്ശേരിക്കൊപ്പം ഒരാൾപ്പൊക്കത്തില്‍ തല്‍സമയ ശബ്ദലേഖകനായി മലയാള സിനിമയില്‍ പ്രവേശിച്ചു. വിപിന്‍ വിജയുടെ ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന ചിത്രത്തിന്റെ ശബ്ദലേഖനവും ഇവര്‍ ഒരുമിച്ച് നിര്‍വഹിച്ചു. 2014-ല്‍ തത്സമയ ശബ്ദലേഖനത്തിന് ആദ്യമായി ഏര്‍പ്പെടുത്തിയ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഒരാൾപ്പൊക്കത്തിന് സന്ദീപ് കുറിശ്ശേരിക്കൊപ്പം നേടി.