ആലപ്പി വിവേകാനന്ദൻ
1947 ആഗസ്റ്റ് മാസം ആലപ്പുഴ പുന്നപ്ര പഞ്ചായത്തില്‍ പറവൂര്‍ എന്ന സ്ഥലത്ത് തൈപ്പറമ്പില്‍ വാസുവിന്റെയും ദേവകിയുടെയും മകനായി ജനിച്ചു. കലാപാരമ്പര്യമില്ലെങ്കിലും കലയെ പ്രോത്സാഹിപ്പിച്ച കുടുംബത്തിൽ ജനിച്ചതിനാൽ ചെറുപ്രായത്തിൽ തന്നെ കലാ വേദികളിൽ അരങ്ങേറി. 1952 ൽ പറവൂര്‍ പനയകുളങ്ങര എല്‍.പി.സ്കൂളില്‍ അഞ്ചാം വയസ്സില്‍ പഠിക്കുമ്പോള്‍ കാക്കരശ്ശി നാടകത്തിനായി വിവേകാനന്ദന് ആദ്യമായി വേദിയില്‍ കയറി. വീടിന്റെ സമീപത്തു താമസിച്ചിരുന്ന കലാകാരനായ ഗണകന് ഗോപിനാഥനാണ് ഇതിനായി പരിശീലനം നല്‍കിയത്. തുടര്‍ന്ന് തമ്പി ഭാഗവതര്‍, ഗോവിന്ദന് ഭാഗവതര്‍ എന്നിവരുടെ ശിക്ഷണത്തില്‍ സംഗീത പഠനം. 14 വയസ്സുവരെ വൈ.എം.എം.എയിലൂടെ വിവിധ സ്ഥലങ്ങളില്‍ ഗാനമേളകള്‍ അവതരിപ്പിച്ചു. മലയാള-തമിഴ് ഗാനങ്ങളും നാടക ഗാനങ്ങളും നിരവധി വേദികളിൽ അവതരിപ്പിച്ചു. 16 മത്തെ വയസ്സില്‍ തബല പഠനം ആരംഭിച്ചു. തബല വിദ്വാന് ആലപ്പി ഉസ്മാന്റെ കീഴിലായിരുന്നു പഠനം. 1966ല്‍ ആലപ്പി തിയേറ്റഴ്സിലൂടെ പ്രൊഫഷണല്‍ തബലിസ്റ്റായി. നിരവധിവേദികളില്‍ തബലിസ്റ്റായി തിളങ്ങി. 1969ല്‍ കെ.രാഘവന് മാഷിന്റെ സംഗീതത്തിന് അണിയറയില്‍ തബലിസ്റ്റായി പ്രവര്‍ത്തിച്ചു. ഈ അവസരങ്ങളിലൂടെയാണ് കെ.പി.എ.സി.യിലേക്കു പ്രവേശിക്കുന്നത്. 1970 ല്‍ കെ.പി.എ.സി.യില്‍ തബലിസ്റ്റായി. നാടകരംഗത്തും സംഗീതരംഗത്തുമുള്ള പരിചയങ്ങള്‍ സഹായമായപ്പോള്‍ ചില അമച്വര്‍ നാടക വേദികളുടെ നാടകങ്ങള്‍ക്ക് സ്വതന്ത്രമായി സംഗീതം നല്കി തുടങ്ങി. 1974 ല്‍ കേരള ആര്‍ട്ട്സ് തിയേറ്റഴ്സിന്റെ നാടകത്തിലെ എ.പി.ഗോപാലന്റെ വരികള്‍ക്ക് സംഗീതം നല്കി പ്രൊഫഷണല്‍ നാടക രംഗത്തേക്ക് കടന്നു വന്നു. 1500 ലധികം നാടക ഗാനങ്ങള്‍ക്ക് ഇതിനകം സംഗീതം നല്കി. വയലാര്‍, ഒ.എന്‍.വി, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഏറ്റുമാനൂര്‍ സോമദാസ്, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, ഏഴാച്ചേരി രാമചന്ദ്രന്, രാജീവ് ആലുങ്കല്‍ തുടങ്ങിയവരുടെ വരികള്‍ക്കു സംഗീതം നല്കി. നാടക വേദികളില്‍ ഒരുവര്‍ഷം 22 നാടകങ്ങള്‍ക്കുവരെ സംഗീതം നൽകിയിട്ടുണ്ട്. 1990 ല്‍ വിനയന് സംവിധാനം ചെയ്ത സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തും എത്തി. നല്ലവര്‍ക്കു സ്വന്തം എന്ന ചിത്രത്തില്‍ വയലാര്‍ ശരത് ചന്ദ്രവര്‍മയുടെ വരികള്‍ക്ക് വിവേകാനന്ദന് സംഗീതം നല്കി. പല ടെലി ഫിലിമുകള്ക്കായും സംഗീതം നൽകി. അഞ്ചുതവണ ഏറ്റവുംമികച്ച നാടക സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് വിവേകാനന്ദനെ തേടി എത്തി.
ഭാര്യ രാധാമണി