യാസിർ സാലി
പുതുതലമുറയിലെ ഏറ്റവും ശബ്ദസൗഭഗമുള്ള ഗായകരിലൊരാളാണ് യാസിർ സാലി. സ്കൂൾ പഠനകാലത്ത് ഓൾ ഇന്ത്യാ റേഡിയോയിൽ സംഘഗാനം പാടി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഡിഗ്രിക്കു പഠിക്കുന്ന സമയത്ത് ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത “ഹരിതസുകൃതം” എന്ന ഡോക്യുമെന്ററിയിൽ പാടാൻ അവസരം ലഭിച്ചു. കമ്പ്യൂട്ടർ ഡിപ്ലോമ നേടി തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലി ചെയ്യുമ്പോഴാണ് ഏഷ്യാനെറ്റിൽ പാടാൻ അവസരം ലഭിക്കുന്നത്. ഏഷ്യാനെറ്റിന്റെ “സംഗീതസാഗരം” എന്ന പരിപാടിയിൽ രവീന്ദ്രൻ മാസ്റ്ററുടെ ഗാനങ്ങൾ തന്മയത്വമായി അവതരിപ്പിച്ചു കൊണ്ടാണ് യാസിർ ശ്രദ്ധേയനായത് . യാസിറിന്റെ ശബ്ദത്തിലും കഴിവിലും ആകൃഷ്ടനായ രവീന്ദ്രൻ മാസ്റ്റർ തുടർന്നുള്ള അദ്ദേഹത്തിന്റെ സ്റ്റേജ് പ്രോഗ്രാമുകളിലൊക്കെ യാസിറിനെ കൂടെ ക്ഷണിക്കുകയായിരുന്നു. യാസിറിന് തന്റ്റെ ഗാനങ്ങൾ നൽകുമെന്ന് സ്റ്റേജ് പ്രോഗ്രാമിൽ അനൗൺസ് ചെയ്ത മാഷിന്റെ അകാല വേർപാട് മലയാളസംഗീത ലോകത്തിനു മാത്രമല്ല യാസിറിനും ഒരു തീരാനഷ്ടമാവുകയായിരുന്നു. വളരെക്കാലത്തിനു ശേഷം ഔസേപ്പൻ സംഗീതസംവിധാനം നിർവ്വഹിച്ച ദിലീപ് ചിത്രമായ “മോസ് & ക്യാറ്റിൽ” ഒരു ഗാനം ആലപിച്ചു കൊണ്ട് യാസിർ സിനിമാ രംഗത്തേക്ക് കടന്നു വന്നു. 2010ലെ സിബിമലയിൽ ചിത്രമായ അപൂർവ്വരാഗങ്ങളിലെ “മാനത്തെ മീനാരിൽ” എന്ന സംഘഗാനത്തിലും യാസിറിന്റെ ആലാപനം വേറിട്ട് നിൽക്കുന്നുണ്ട്. 2010ലെ മികച്ച പാട്ടുകളിലൊന്നായ ബോഡിഗാർഡിലെ "അരികത്തായാരോ" യാസിറും എലിസബത്ത് രാജുവും ചേർന്നാണ് പാടിയിരിക്കുന്നത്.
തിരുവനന്തപുരം സ്വദേശിയായ യാസിർ ദുബായിൽ ബിസിനസ് ഡവലപ്പ്മെന്റ് മാനേജരായി ജോലി നോക്കുന്നു. ഭാര്യയും മകളുമൊത്ത് ഷാർജയിലാണ് താമസം. പ്രവാസിയായതുകൊണ്ടുള്ള സാങ്കേതിക തടസ്സങ്ങൾ മറ്റു ഗായകര്ക്കൊപ്പം മുഖ്യധാരയിലേക്കെത്തിച്ചേരുന്നതിൽ ഈ ഗായകന് പലപ്പോഴും തിരിച്ചടിയാവുന്നുണ്ടെങ്കിലും പ്രശസ്തഗായകരോടൊപ്പം ഒട്ടേറെ ആൽബങ്ങളിൽ പാടുകയും കൈരളി ടിവിയുടെ “നിനവ്”, “മെലഡി ബൈറ്റ്സ്” തുടങ്ങിയ ടിവി ഷോകൾ, രവീന്ദ്രസംഗീതം, ട്രിബ്യൂട്ട് ടു രവീന്ദ്രൻ, ഭാവയാമി, പൊന്നോണം 2005, സലാം ഹബീബ് എന്നീ സ്റ്റേജ് ഷോകളിലുമൊക്കെയായി സംഗീതരംഗത്ത് സജീവമാണ്. ആന്വൽ മലയാളം മൂവി അവാർഡ് (അമ്മ) ഏർപ്പെടുത്തിയ പുതുഗായകർക്കുള്ള “ന്യൂ സെൻസേഷൻ” അവാർഡ് 2009ൽ കരസ്ഥമാക്കിയിരുന്നു. ഇന്റർനെറ്റിലും തന്റ്റെ ഗാനങ്ങൾ ആലപിക്കുന്ന യാസിർ എം3 സിങ്ങേർസ് ക്ലബ്ബിന്റെ സജീവ അംഗം കൂടിയാണ്.
(യാസിറിന്റെ ആദ്യ സിനിമാഗാനത്തിന്റെ ഓഡിയോപ്രിവ്യൂ )
യാസിറിന്റെ ബ്ലോഗ് : - http://yasirzzone.blogspot.com/