വിനോയ് തോമസ്
നോവലിസ്റ്റ്, ചെറുകഥാകൃത്ത്, അധ്യാപകൻ എന്ന നിലയിൽ പ്രവർത്തിക്കുന്ന വിനോയ് തോമസ്. കണ്ണൂർ ജില്ലയിലെ ഇരിട്ടി നെല്ലിക്കാംപൊയിൽ സ്വദേശി. 1975 നവംബർ 19ന് ജനനം. കുന്നോത്ത് സെന്റ് ജോസഫ് സ്കൂൾ, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയ വിനോയ് കണ്ണൂർ ഉളിക്കൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപകനായി സേവനമനുഷ്ഠിക്കുന്നു. ഡിസി ജന്മശതാബ്ദി നോവൽ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട് പ്രസിദ്ധീകരിക്കപ്പെട്ട "കരിക്കോട്ടക്കരി" ആണ് വിനോയിയുടെ ആദ്യ നോവൽ. പ്രൊഫസർ ജോസഫ് മുണ്ടശേരി അവാർഡ്, സഖാവ് വർഗീസ് സ്മാരക പുരസ്കാരം എന്നിവ ലഭ്യമായ കരിക്കോട്ടകരിയിലൂടെ എഴുത്തിന്റെ ലോകത്ത് ശ്രദ്ധേയനായ വിനോയിയുടെ ആദ്യ കഥാസമാഹാരമായ 'രാമച്ചിക്ക്" എടക്കാട് സാഹിത്യവേദി പുരസ്കാരവും ലഭ്യമായിരുന്നു. രാമച്ചിക്ക് 2019ലെ കഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. രാമച്ചിക്ക് പുറമേ അടിയോർ മിശിഹ എന്ന നോവൽ, പുറ്റ് , മുള്ളരഞ്ഞാണം എന്നീ കഥാസമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
പുതിയ കഥാകൃത്തുക്കളിൽ പ്രമേയപരമായും ഭാഷാപരമായും ആഖ്യാനത്തിലുമൊമൊക്കെ വ്യത്യസ്ത ശൈലി പരീക്ഷിക്കുന്ന എഴുത്തുകാരനെന്ന ഖ്യാതി ഇതിനോടകം നേടിയിട്ടുള്ള വിനോയ് തോമസിന്റെ ആദ്യ ചലച്ചിത്ര സംരംഭമാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് പുറത്തിറക്കിയ ചുരുളി എന്ന ചിത്രം. വിനോയ് തോമസിന്റെ മുള്ളരഞ്ഞാണം എന്ന കഥാസമാഹാരത്തിലെ "കളിഗെമിനാറിലെ കുറ്റവാളികൾ"എന്ന കഥയാണ് ചുരുളിയുടെ കഥ . എസ് ഹരീഷാണ് തിരക്കഥ പൂർത്തിയാക്കിയത്. വിനോയ് ആദ്യമായി തിരക്കഥാകൃത്തിന്റെ റോളിലെത്തുന്ന സിനിമ സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചതുരമാണ്. സിദ്ധാർത്ഥും വിനോയും ചേർന്നാണ് ഈ ചിത്രമെഴുതിയിരിക്കുന്നത്.
ഭാര്യ ജിജിമോൾ, മക്കൾ : അദ്വൈത്, അക്ഷരി