ടി ആർ സുന്ദരം

T R Sundaram

തിരുചെങ്കോട് രാമലിംഗം സുന്ദരം എന്ന ടി ആർ സുന്ദരം 1907 ജൂലൈ പതിനാറിന് കോയമ്പത്തൂരിലെ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ചു. സ്കൂൾ കോളേജ്  വിദ്യാഭ്യാസത്തിനു ശേഷം ഇംഗ്ലണ്ടിലെ ലീഡ്സ് സർവ്വകലാശാലയിൽ നിന്ന് ടെക്സ്റ്റൈൽ എഞ്ചിനീയറിംഗിൽ ബിരുദം പൂർത്തിയാക്കി നാട്ടിലെത്തി കുടുംബ ബിസിനസ് ഏറ്റെടുത്തു. ഇംഗ്ലണ്ടിൽ പഠിക്കുമ്പോൾത്തന്നെ കലയോടും സിനിമയോടുമൊക്കെ താല്പര്യമുണ്ടായിരുന്ന  ബ്രിട്ടീഷ് വനിത ഗ്ലാഡിസിനേയാണ് സുന്ദരം വിവാഹം കഴിച്ചത്. ഭാര്യ ഗ്ലാഡിസിന്റെ താല്പര്യാർത്ഥം സുന്ദരം പതുക്കെ സിനിമാ ബിസിനസിലേക്ക് തിരിയുകയായിരുന്നു.

തമിഴിൽ 1930ൽ "ശ്രീകൃഷ്ണ ലീല, ദ്രൗപതി വസ്ത്രാക്ഷേപം" തുടങ്ങിയ പുരാണ സിനിമകളെടുത്തിരുന്ന ഏയ്ഞ്ചൽ ഫിലിംസിന്റെ പാർട്നേർസിലൊരാളായിരുന്ന പരിചയമൊക്കെ കൊണ്ട് സുന്ദരം സ്വന്തമായി ഒരു സ്റ്റുഡിയോ കോമ്പ്ലക്സ് പണിയുവാൻ തുനിഞ്ഞിറങ്ങി. പിൽക്കാലത്ത് ഏറെ പ്രസിദ്ധമായ സേലത്തെ  മോഡേൺ തിയറ്റേഴ്സ് എന്ന സിനിമാ സമുച്ചയമായിരുന്നു 1936ൽ അദ്ദേഹം പൂർത്തിയാക്കിയത്. ഹോളിവുഡ് സ്റ്റുഡിയോകൾ സന്ദർശിച്ച് പരിചയമുണ്ടായിരുന്ന സുന്ദരം ഷൂട്ടിംഗ് ഫ്ലോറുകൾ, സ്റ്റുഡിയോ,  റെക്കോർഡിംഗ് തിയറ്റർ, ഫിലിം പ്രോസസിംഗ് ലാബറട്ടറി  തുടങ്ങിയ സംവിധാനങ്ങളൊക്കെ  മോഡേൺ തിയറ്റേഴ്സിൽ സജ്ജമാക്കി.

1937ൽ പുറത്തിറക്കിയ “സതി അഹല്യ” ആയിരുന്നു ആദ്യ ചിത്രം. ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടതിനേത്തുടർന്ന് സ്റ്റുഡിയോയുടെ നിലനിൽപ്പും പരുങ്ങലിലായെങ്കിലും സധൈര്യത്തോടെ  ഹിന്ദു ദിനപത്രത്തിൽ രണ്ടാമത്തെ ചിത്രത്തിന് പരസ്യം നൽകി. ഈ പരസ്യം കണ്ട് മദ്രാസ് മലയാളി അസോസിയേഷൻ സെക്രട്ടറി എ സുന്ദരം പിള്ള മുന്നോട്ട് വരികയും  രണ്ടാമത്തെ ചിത്രമായ “ബാലൻ” എന്ന മലയാള ചിത്രത്തിനു വഴിയൊരുങ്ങുകയുമായിരുന്നു. ബാലൻ സാമ്പത്തികമായി വിജയിച്ചതിനേത്തുടർന്ന് മറ്റ് ചിത്രങ്ങൾ പുറത്തിറക്കുകയും പിന്നീട് ഏകദേശം നാല്പത് വർഷക്കാലം നൂറോളം സിനിമകൾ തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, സിംഹള , ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ നിർമ്മിച്ച് പുറത്തിറക്കി. ഇതിൽ അമ്പത്തിയാറെണ്ണം സുന്ദരം തന്നെ സംവിധാനം ചെയ്തു.
 
മലയാളത്തിലെ ആദ്യ ശബ്ദചിത്രം “ബാലൻ”, ആദ്യത്തെ മലയാളം കളർ ചിത്രം “കണ്ടം ബച്ച കോട്ട്”  ആദ്യത്തെ തമിഴ് കളർ സിനിമ “ആലിബാബയും നാർപ്പത് തിരുടർഗളും” ഒക്കെ മോഡേൺ തിയറ്റേഴ്സിൽ നിന്ന് പുറത്തിറങ്ങിയവയായിരുന്നു.  പി സി ചിന്നപ്പ, ആർ എസ് മനോഹർ, എം ജി ആർ  തുടങ്ങി അക്കാലത്തെ പല സൂപ്പർസ്റ്റാറുകളേയും വളർച്ചക്ക് പിന്നിൽ സുന്ദരത്തിന്റെ സിനിമകളായിരുന്നു. സൂപ്പർ സ്റ്റാർ പദവിയിലേക്ക് എം ജി ആർ ഉയർത്തപ്പെടുന്നത് സുന്ദരത്തിന്റെ “മന്ത്രികുമാരി” എന്ന ചിത്രത്തോടെയാണ്.  റോഡ് കാമറൂൺ, സീസർ റൊമേറോ, മേരി വിൻഡ്സർ തുടങ്ങിയ പ്രമുഖ ഹോളിവുഡ് താരങ്ങളോടൊപ്പം എം എൻ നമ്പ്യാർ, എം ജി ആർ തുടങ്ങിയവർ അഭിനയിച്ച  ഹോളിവുഡ് ഫിലിം “ദി ജംഗിൾ” എന്നത് സേലത്തെ മോഡേൺ തിയറ്റേഴ്സിനുള്ളിലും ഇന്ത്യയിലുമായി ഷൂട്ട് ചെയ്ത് പുറത്തിറക്കിയതാണ്.

സൗത്ത് ഇന്ത്യൻ ഫിലിം ചേമ്പർ ഓഫ് കൊമേഴ്സിന്റെ പ്രസിഡന്റായി സേവനമനുഷ്ടിച്ചു . 1963 ആഗസ്ത് 30തിന് സുന്ദരം മരണമടഞ്ഞു, ശേഷം മകൻ രാമ സുന്ദരം സിനിമാ ബിസിനസ് ഏറ്റെടുത്തെങ്കിലും അധികം താമസിയാതെ അദ്ദേഹവും മരണപ്പെട്ടു. ഭാര്യ കലൈവാണി സുന്ദരം മോഡേൺ തിയറ്റേഴ്സും മറ്റും മുൻപോട്ട് കൊണ്ടു പോവാൻ ഇറങ്ങിയെങ്കിലും സാമ്പത്തിക തിരിച്ചടികൾ ഏറ്റുവാങ്ങി കാലക്രമേണ മോഡേൺ തിയറ്റേഴ്സ് പലരുടെ ഉടമസ്ഥതയിലാവുകയും പിന്നീട് പൂട്ടുകയുമായിരുന്നു.

കടപ്പാട്/അവലംബം :