സുനിത ദിനേശ്

Sunitha Dinesh

പരേതനായ പി കെ കൃഷ്ണന്റെയും പാറുക്കുട്ടിയുടെയും മകളായി വയനാട് ജില്ലയിലെ പെരിക്കല്ലൂരിൽ ജനിച്ചു. പെരിക്കല്ലൂർ ഗവണ്മെന്റ് ഹൈസ്ക്കൂൾ, പുൽപ്പള്ളി പഴശ്ശിരാജ കോളേജ് എന്നിവിടങ്ങളിലായിരുന്നു സുനിതയുടെ വിദ്യാഭ്യാസം. പഠനകാലത്ത് കലോത്സവങ്ങളിൽ പങ്കെടുത്ത് നൃത്ത ഇനങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. പഠനം പൂർത്തിയാക്കിയതിനുശേഷം ഡൽഹിയിൽ ജോലി ലഭിച്ച സുനിത, ജോലിയോടൊപ്പം അവിടെ കലാ സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു . ഡൽഹി കലാസാംസ്ക്കാരിക സംഘടനകളൂമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് സുനിതയെ അഭിനയരംഗത്ത് എത്തിച്ചത്. നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് സുനിത ദിനേശ് അഭിനയജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. ഡൽഹിയിൽ നടന്ന സഫ്ദർ ഹഷ്മി നാടകോത്സവത്തിൽ ഒറ്റമുറി എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള അവാർഡ് ലഭിച്ചിട്ടുള്ള സുനിത ദിനേശ് ഏഴ് നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആറെണ്ണം ഡൽഹിയിലും "നീ തെരുവിന്റെ തീക്കനൽ" എന്ന നാടകം കേരളത്തിലുമായിരുന്നു അവതരിപ്പിച്ചത്.

അകത്തോ പുറത്തോ എന്ന ആന്തോളജി ചിത്രത്തിലെ അവൾ എന്ന കഥയിൽ അഭിനയിക്കുവാനുള്ള അഭിനേതാക്കൾക്കുവേണ്ടിയുള്ള സംവിധായകൻ സുദേവന്റെ അന്വേഷണമാണ്  സുനിതയെ സിനിമാഭിനയരംഗത്തേയ്ക്കെത്തിച്ചത്. 2015 ൽ അകത്തോ പുറത്തോ എന്ന ആന്തോളജി ചിത്രത്തിലൂടെ സുനിത ചലച്ചിത്രാഭിനയരംഗത്ത് തുടക്കമിട്ടു. അകത്തോ പുറത്തോ സിനിമയിലെ അവൾ എന്ന എപ്പിസോഡിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന അവാർഡിന്റെ ഫൈനൽ നോമിനി ലിസ്റ്റിൽ സുനിതയുടെ പേർ വന്നിരുന്നു. തുടർന്ന് ഡോൺ പാലത്തറ സംവിധാനം ചെയ്ത ദി ഫാമിലി, ഡോക്റ്റർ ബിജുവിന്റെ അദൃശ്യ ജാലകങ്ങൾ എന്നീ സിനിമകളിലും അഭിനയിച്ചു. കൂടാതെ സുദേവൻ പെരിങ്ങോടിന്റെ Cheers എന്ന ഷോർട്ട് ഫിലിമിൽ സുനിത ഒരു വേഷം ചെയ്യുകയും  സംവിധാന സഹായിയായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.

 ഇപ്പോൾ കോഴിക്കോട് താമസിക്കുന്ന സുനിതയുടെ ഭർത്താവ് ദിനേശ് കുമാർ. രണ്ടുമക്കൾ അശ്വതി ദിനേശ്, ആയുഷ് ദിനേശ്.  

സുനിത ദിനേശ് - Facebook Instagram