സുദേവൻ പെരിങ്ങോട്

Sudhevan Peringodu

ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്. 1975 ൽ പാലക്കാട് ജില്ലയിലെ പെരിങ്ങോട് എന്ന ഗ്രാമത്തിൽ മാധവൻ വൈദ്യരുടെയും സീതയുടെയും മകനായി ജനിച്ചു. പെരിങ്ങോട് ഹൈസ്കൂളിലും പട്ടാമ്പി ശ്രീ നീലകണ്ഠ ഗവണ്മെന്റ് സംസ്കൃത കോളേജിലും ആയിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. മലമ്പുഴയിലെ റോപ്പ് വേയേക്കുറിച്ചുള്ള ഒരു പരസ്യചിത്രമായിരുന്നു സുദേവന്റെ ആദ്യ സംവിധാന സംരംഭം. സെയിൽസ്മാൻ, പെയിന്റർ എന്നിങ്ങനെ പല തൊഴിലുകളും അദ്ദേഹം ചെയ്തിട്ടുണ്ട്. ആർട്ടിസ്റ്റ്, ഡിസൈനർ, പരസ്യകല എന്നീ രംഗത്തൊക്കെ വ്യക്തിമുദ്ര പതിപ്പിച്ച സുദേവന്റെ സിനിമായാത്രകൾക്ക് തുടക്കം 2004ൽ പുറത്തിറങ്ങിയ "വരൂ" എന്ന ചിത്രത്തിലൂടെയാണ്. തുടർന്ന് ശ്രദ്ധേയമായ ചില ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിരുന്നു. പ്ലാനിംഗ്(2007), രണ്ട്(2009). ഈ ചിത്രങ്ങൾ പല ഷോർട്ട്ഫിലിം ഫെസ്റ്റിവെൽസുകളിൽ പ്രദർശിപ്പിക്കുകയും മികച്ച അഭിപ്രായം നേടുകയും ചെയ്തു. 

 “വരൂ” എന്ന ആദ്യ ഹ്രസ്വചിത്രം, നിർമ്മാതാവില്ലാതെ അയ്യായിരം രൂപക്ക് ചിത്രീകരിച്ചതാണ്. ആ ചിത്രത്തിൽ തുടങ്ങി പിന്നീട് സുദേവൻ പുറത്തിറക്കിയ “പ്ളാനിംഗ്” “തട്ടിൻ പുറത്തപ്പൻ” ചിത്രങ്ങളൊക്കെ ജനകീയമായ സിനിമാ നിർമ്മാണത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. ഭക്തിയും, വിശ്വാസവും സമൂഹത്തെ ചൂഷണം ചെയ്യുന്നതിനുള്ള ഉപാധിയാക്കുന്നതെങ്ങിനെ എന്ന് 2010 ൽ സംവിധാനം ചെയ്ത തട്ടിൻപുറത്തപ്പൻ എന്ന ചിത്രം പറയുന്നു. വിവിധ മേഖലകളിൽ നിന്നായി ഏഴ് അവാർഡുകൾ തട്ടിൻപുറത്തപ്പന് ലഭിച്ചിട്ടുണ്ട്.

സുദേവൻ പെരിങ്ങോട് സംവിധാനം ചെയ്ത ആദ്യ ഫീച്ചർ ഫിലിം ആയിരുന്നു CR NO 89. 2013 -ലായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സി ആർ നമ്പർ 89 കരസ്ഥമാക്കി. കൂടാതെ NETPAC അവാർഡ് 2013, ജോൺ എബ്രഹാം അവാർഡ് 2014, അരവിന്ദൻ അവാർഡ് 2014, പദ്മരാജൻ അവാർഡ് 2014, മോഹൻ രാഘവൻ പുരസ്ക്കാരം 2014, എന്നീ അവാർഡുകളും ചിത്രം കരസ്ഥമാക്കിയിട്ടുണ്ട്. ഈ ചിത്രം അഞ്ച് വിദേശ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

സുദേവന്റെ രണ്ടാമത്തെ സിനിമ "അകത്തൊ പുറത്തോ" സംവിധാനം ചെയ്തത്  2018 ലായിരുന്നു. ആന്തോളജി വിഭാഗത്തിൽ പെട്ട ഈ ചിത്രം മത്സ്യം, പാവ, വൃദ്ധൻ, അവൾ എന്നീ നാലു ചെറു ചിത്രങ്ങൾ ചേർന്നതാണ്. 

Address - SUDEVAN P P  Padinhare Purakkal P.O.Peringode - 679535 Palakkad dist, Kerala. email: ഇവിടെ