സുനീധി ചൗഹാൻ
ഡൽഹിയിലെ രജപുത്ര ഫാമിലിയിലാണ് സുനീധി ചൗഹാൻ ജനിച്ചത്. ശ്രീറാം ഭാരതീയ കലാകേന്ദ്രയിലെ തിയ്യേറ്റർ ആർട്ടിസ്റ്റായിരുന്ന ദുഷ്യന്ത്കുമാർ ചൗഹാനാണ് സുനീധിയുടെ പിതാവ്. ചെറുപ്രായത്തിൽ തന്നെ സംഗീതം പഠിച്കുതുടങ്ങിയ സുനീധി സ്കൂൾ പഠനകാലത്തു തന്നെ സ്റ്റേജ് ഷോകൾ ചെയ്തിരുന്നു. ഗ്രീൻവേ മോഡേൺ സ്കൂളിലായിരുന്നു സുനീധിയുടെ വിദ്യാഭ്യാസം. സംഗീതരംഗത്ത് കൂടുതൽ ശ്രദ്ധ ചെലുത്തിയതിനാൽ സുനീധി സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞതോടെ പഠനം അവസാനിപ്പിച്ചു.
തബസ്സും ഹിറ്റ് പരേഡ്’ എന്ന ഷോയിൽ പാടിയതോടെ സുനീധിയെ നടി തബ്സും ശ്രദ്ധിക്കുകയും അവർ സുനീധിയെ കല്യാൺജി ആനന്ദ്ജി എന്ന സംഗീത സംവിധായകർക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. കല്യാൺജി ആനന്ദ്ജി മാരുടെ ട്രൂപ്പിലെ അംഗമായ സുനീധി നിരവധി സ്റ്റേജ് ഷോകളിൽ ഗാനങ്ങൾ ആലപിച്ചു. 1996 -ൽ Shastra എന്ന ഹിന്ദി ചിത്രത്തിൽ ആദേശ് ശ്രീവാസ്തവയുടെ സംഗീതത്തിൽ ഒരു ഗാനം ആലപിച്ചുകൊണ്ടാണ് സുനീധി ചലച്ചിത്ര പിന്നണിഗാനരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് വിവിധ ഭാഷകളിലായി നിരവധി സിനിമകളിൽ അവർ ഗാനങ്ങൾ ആലപിച്ചു. സിനിമകൾ കൂടാതെ സുനീധി ചൗഹാൻ മ്യൂസിക് ആൽബങ്ങളിലൂടെയും പ്രശസ്തി നേടി.
2010 -ൽ മോഹൻലാൽ നായകനായ കാണ്ഡഹാർ എന്ന സിനിമയിൽ ഒരു ഹിന്ദി ഗാനം പാടിക്കൊണ്ടാണ് സുനീധി മലയാള സിനിമയിൽ എത്തുന്നത്. തുടർന്ന് ഡ്രാക്കുള, സാമ്രാജ്യം II - സൺ ഓഫ് അലക്സാണ്ടർ, തിരിമാലി എന്നീ സിനിമകളിൽ കൂടി അവർ ഗാനങ്ങൾ ആലപിച്ചു.
സംഗീത സംവിധായകൻ ഹിതേഷ് സോണിക് ആണ് സുനീധി ചൗഹാന്റെ ജീവിത പങ്കാളി. അവർക്ക് ഒരു മകൻ തേഗ്.


