സംഗീത മോഹൻ

Sangeetha Mohan

മലയാള ചലച്ചിത്ര, സീരിയൽ നടി. കെ എസ് ആർ ടി സിയിൽ സീനിയർ അക്കൗൺറ്റന്റായിരുന്ന ഗോപി മോഹന്റെയും, പോലീസിൽ അഡീഷണൽ ജോയിന്റ് സെക്രട്ടറിയായിരുന്ന സരിതയുടെയും മകളായി തിരുവനന്തപുരത്ത് ജനിച്ചു. സരിത മോഹൻ എന്നൊരു സഹോദരിയുണ്ട്. അമ്മയുടെ സഹപ്രവർത്തകൻ വഴി ഒരു പരസ്യചിത്രത്തിലൂടെയാണ് സംഗീത മോഹൻ ക്യാമറയ്ക്ക് മുന്നിലേക്ക് വരുന്നത്. അതിനുശേഷം സീരിയലിൽ അഭിനയിക്കാൻ ആവസരം ലഭിച്ചു. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ഉണർത്തുപാട്ട്  എന്ന ദൂരദർശൻ സീരിയലിൽ അഭിനയിച്ചുകൊണ്ട് സീരിയൽ രംഗത്തേക്ക് പ്രവേശിച്ചു. ദൂരദർശന്റെ തന്നെ ജ്വാലയായ് എന്ന സീരിയലിലൂടെയാണ് സംഗീത പ്രേക്ഷക ശ്രദ്ധ നേടുന്നത്. അതിനു ശേഷം വിവിധ ചാനലുകളിലായി ധാരാളം സീരിയലുകളിൽ അഭിനയിച്ചു.

സംഗീത മോഹൻ ചലച്ചിത്ര മേഖലയിലേയ്ക്ക് പ്രവേശിയ്ക്കുന്നത് 2001 ലാണ്. ടി എൻ ഗോപകുമാർ സംവിധാനം ചെയ്ത ജീവൻ മസായ് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. ആ വർഷം തന്നെ സുരേഷ് ഗോപി നായകനായ സായ്വർ തിരുമേനി എന്ന ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. തുടർന്ന് പതിനഞ്ചോളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. നല്ലൊരു വായനക്കാരിയും എഴുത്തുകാരിയുമാണ് സംഗീത മോഹൻ. സീരിയൽ അഭിനയത്തിൽ വിരസത തോന്നിയപ്പോൾ അവർ താത്ക്കാലികമായി അഭിനയം നിർത്തി എഴുത്തിലേയ്ക്ക് തിരിഞ്ഞു. ചെറുപ്പം മുതൽ കഥകൾ എഴുതുമായിരുന്നതിന്റെ ധൈര്യം കൈമുതലാക്കി സീരിയൽ തിരക്കഥയിലേക്ക് ചുവടുമാറി. മഴവിൽ മനോരമയിലാൺ് സംഗീത മോഹന്റെ തിരക്കഥയിൽ പിറന്ന ആത്മ സഖി എന്ന സീരിയൽ സംപ്രേക്ഷണം ചെയ്തത്. സീരിയൽ ഹിറ്റായതോടെ സംഗീത തിരക്കുള്ള ഒരു തിരക്കഥകൃത്തായി തീർന്നു. അഞ്ചിലധികം സീരിയലുകൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പ്രൊഫൈൽ