സമീർ ചന്ദ
ബംഗാൾ സ്വദേശിയാണ് സമീർ ചന്ദ. കൊൽക്കത്തയിലെ ഗവണ്മെന്റ് കോളേജ് ഓഫ് ആർട്ട് & ക്രാഫ്റ്റ് എന്ന സ്ഥാപനത്തിൽ ചിത്രകലയിൽ പരിശീലനം നേടി. പ്രശസ്ത കലാസംവിധായകൻ നിതിഷ് റോയിയുടെ അസിസ്റ്റ്ന്റായിട്ടാണ് സമീർ സിനിമയിൽ അരങ്ങേറുന്നത്. തുടർന്ന് ഏതാനും സിനിമകളിൽ അസിസ്റ്റന്റ് കലാസംവിധായകനായി പ്രവർത്തിച്ചതിന് ശേഷം 1989 -ൽ Ram Lakhan എന്ന സിനിമയിലൂടെ സ്വതന്ത്ര കലാസംവിധായകനായി.
തുടർന്ന് ഹിന്ദി, ബംഗാളി, മലയാളം, തമിഴ് ചലച്ചിത്രങ്ങളിൽ കലാസംവിധായകനായി പ്രവർത്തിച്ചു. Rukmavati Ki Haveli(1992), Rudaali(1993), Dil Se (1998), Omkara (2006), Guru (2007), Rang De Basanti (2006), Raavan (2010), എന്നിവ അദ്ദേഹം പ്രവർത്തിച്ച ശ്രദ്ധേയമായ സിനിമകളാണ്. 1992 -ൽ സംഗീത് ശിവൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം യോദ്ധാ -യുടെ കലാസംവിധാനം നിർവഹിച്ചുകൊണ്ടാണ് സമീർ ചന്ദ മലയാള സിനിമയിലേക്ക് പ്രവേശിക്കുന്നത്. അതിന് ശേഷം സംഗീത് ശിവന്റെ തന്നെ നിർണ്ണയം എന്ന സിനിമയിലും പ്രവർത്തിച്ചു. 1998 -ൽ വേണു സംവിധാനം ചെയ്ത ദയ എന്ന ചിത്രത്തിന്റേയും കലാസംവിധായകൻ സമീർ ചന്ദയായിരുന്നു.
നാല് പ്രാവശ്യം മികച്ച കലാസംവിധായകനുള്ള ദേശീയ പുരസ്ക്കാരം സ്വന്തമാക്കിയ സമീർ ചന്ദയ്ക്ക് ദയ എന്ന സിനിമയുടെ കലാസംവിധാനത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്. 2008 -ൽ Ek Nadir Galpo എന്നൊരു ബംഗാളി സിനിമ അദ്ദേഹം സംവിധാനം ചെയ്തുകൊണ്ട് സിനിമാ സംവിധാനരംഗത്തും തന്റെ കഴിവ് തെളിയിച്ചു.
സമീർ ചന്ദയുടെ ഭാര്യ ലീല ചന്ദ. ഒരു മകൻ സന്ദീപൻ ചന്ദ(കലാസംവിധായകൻ). 2011 ആഗസ്റ്റിൽ സന്ദീപ് ചന്ദ അന്തരിച്ചു.


