റിഷി സുരേഷ്
തൃശ്ശൂർ ജില്ലയിലെ കണ്ടശ്ശാംകടവിലാണ് റിഷി സുരേഷ് ജനിച്ചത്. അച്ഛന്റെ പേര് സുരേഷ്. കണ്ടശ്ശാംകടവ് ജോസഫ് മുണ്ടശ്ശേരി സ്മാരക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, വലപ്പാട് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു റിഷി സുരേഷിന്റെ വിദ്യാഭ്യാസം. അതിനുശേഷം നാട്ടിക ശ്രീ നാരായണ കോളേജിൽ നിന്നും ബിരുദം നേടി.
ഹൈസ്കൂൾ കാലം മുതൽ മിമിക്രി, മോണോ ആക്റ്റ്, നാടകം എന്നിവയുൾപ്പെടെയുള്ള കലാപ്രവർത്തനങ്ങളിൽ റിഷി സജീവമായിരുന്നു. കോളേജിൽ പഠിയ്ക്കുമ്പോൾ കലാപ്രവർത്തനങ്ങളോടുള്ള താത്പര്യം കാരണം കോളേജ് ഇലക്ഷനിൽ ഫൈൻ ആർട്സ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് യൂണിയൻ മത്സരിപ്പിയ്ക്കുകയും ഫൈൻ ആർട്സ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കോളേജിൽ പഠിയ്ക്കുന്ന സമയത്ത് റിഷി നാട്ടിലെ സുഹൃത്തുക്കളുമായി ചേർന്ന് മൊബൈലിൽ ചെറിയ ഷോർട്ട് ഫിലിം പോലത്തെ വീഡിയോകൾ എടുത്തിരുന്നു. റിഷിയും സുഹൃത്തുക്കളും മൊബൈലിൽ ചെയ്ത വീഡിയോകളാണ് മ്യൂസിക്ക് ആൽബങ്ങളിലേയ്ക്ക് അവരെ എത്തിച്ചത്. "കൊച്ചിക്കാരത്തി കൊച്ചുപെണ്ണേ' എന്ന മ്യൂസിക്കൽ ആൽബത്തിൽ ബാക്ക് ഗ്രൗണ്ട് ഡാൻസ് കളിയ്ക്കാൻ പോയ റിഷി പിന്നീട് അതിന്റെ കൊറിയോഗ്രാഫർ ആയി മാറി. ആ ലൊക്കേഷനിൽ നിന്നും പരിചയപ്പെട്ട അലിഭായ് എന്നയാൾ നിർമ്മിയ്ക്കുന്ന "കൊലുസിൻ കിലുക്കം" എന്ന ആൽബത്തിൽ റിഷി അസോസിയേറ്റ് ഡയരക്റ്ററായിട്ടായി പ്രവർത്തിയ്ക്കയും അതിൽ അഭിനയിക്കൂകയും ചെയ്തു..അതിനുശേഷം ഒരുപാട് ആൽബങ്ങളും ഷോർട്ട് ഫിലിമുകളും ചെയ്തു. ഷോർട്ട് ഫിലിമുകളിൽ അഭിനയം ക്യാമറ, തിരക്കഥ എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്നു. സിനിമകളിൽ ജുനിയർ ആർട്ടിസ്റ്റായി അഭിനയിക്കാനും തുടങ്ങി.
2012- ൽ സുഹൃത്തായ മുബിൻ റൗഫ് സംവിധാനം ചെയ്ത ചിത്രത്തിലായിരുന്നു റിഷി ആദ്യമായി അഭിനയിച്ചത്. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം ഷൂട്ടിംഗ് തുടരാൻ കഴിയാതെ സിനിമ നിന്നുപോയി. ചിക്കൻ കോക്കാച്ചി എന്ന സിനിമയാണ് റിഷി സുരേഷ് അഭിനയിച്ച് റിലീസായ ആദ്യ ചിത്രം. അതിനുശേഷം ഹണിബീ 2.5, എന്ന ചിത്രത്തിൽ അഭിനയിച്ചു. മരം പെയ്യുമ്പോൾ എന്ന ഹോം സിനിമയിലാണ് ആദ്യമായി നായക വേഷം ചെയ്തത്. പിന്നീട് 2021 -ൽ റിഷിയുടെ സുഹൃത്ത് മുബിൻ റൗഫ് സംവിധാനം ചെയ്ത വെൽക്കം ടു പാണ്ടിമല എന്ന ചിത്രത്തിൽ നായകന്റെ കൂട്ടുകാരന്റെ വേഷം ചെയ്തു.. തുടർന്ന് 4-ാം മുറ എന്ന സിനിമയിൽ പോലീസുകാരനായും ആരോമലിന്റെ ആദ്യത്തെ പ്രണയം എന്ന സിനിമയിൽ വില്ലൻ കഥാപാത്രമായും റിഷി അഭിനയിച്ചു. അതിനുശേഷം എക്സ്പെരിമെന്റ് 5 എന്ന സിനിമയിൽ നായകനായാണ് അദ്ദേഹം ആഭിനയിച്ചത്
2019 -ൽ മത്തായി മൂല എന്നൊരു യൂട്യൂബ് ചാനൽ റിഷി സുരേഷ് സുഹൃത്തുക്കളോടൊന്നിച്ച് തുടങ്ങിയിരുന്നു, അതിൽ വന്ന ഷോർട്ട് ഫിലിമുകൾ വലിയതോതിൽ പ്രേക്ഷക ശ്രദ്ധ നേടി. സിനിമകളോടൊപ്പം തന്നെ അദ്ദേഹം പരസ്യ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്നുണ്ട്. 2022 -ൽ ഏറ്റവും നല്ല കാമറമാനുള്ള കലാഭവൻ മണി നന്മ പുരസ്ക്കാരം റിഷിയ്ക്ക് ലഭിച്ചിട്ടുണ്ട്. 2024 -ൽ ഋഷി യോഗി സംവിധാനം ചെയ്ത നരുഡു ബ്രത്ക്കു നടന എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്തുകൊണ്ട് റിഷി സുരേഷ് തെലുഗു സിനിമയിലും തുടക്കം കുറിച്ചു.
എറണാകുളത്താണ് റിഷി സുരേഷ് ഇപ്പോൾ താമസിയ്ക്കുന്നത്. റിഷിയുടെ ഭാര്യ അനഘ, ഒരു മകൾ ഇഷിക.