രാഹുൽ രാജഗോപാൽ

Rahul Rajagopal

1989 മാർച്ച് 3 -ന് കൊല്ലം ജില്ലയിൽ ജനിച്ചു. കൊല്ലം ടി കെ എം എഞ്ചിനീയറിംഗ് കോളേജിൽ നിന്നും സിവിൽ എഞ്ചിനിയറിംഗിൽ ബിരുദം നേടി. തുടർന്ന് കൊച്ചി രാജഗിരി കോളേജിൽ നിന്നും എം ബി എ  പൂർത്തിയാക്കി, ശേഷം HDFCയിൽ ജോലിചെയ്തു. കോളേജ് പഠനകാലത്ത് മിമിക്രി അവതരിപ്പിച്ചിരുന്ന രാഹുൽ മൂന്ന് തവണ കലോത്സവത്തിൽ കോളേജ് തലത്തിൽ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്.

കൊച്ചിൻ ആക്റ്റ്‌ലാബിൽ നിന്നും അഭിനയ പരിശീലനം നേടിയ ശേഷമാണ് രാഹുൽ സിനിമാഭിനയ രംഗത്തേയ്ക്കിറങ്ങുന്നത്. സജീവ് നമ്പിയത്താണ് അഭിനയത്തിലെ ഗുരു. സംവിധായകനും നിർമ്മാതാവുമായ വൈശാഖ് വഴിയാണ് രാഹുൽ സിനിമയിലേയ്ക്കെത്തുന്നത്. വൈശാഖ് - ഉദയകൃഷ്ണ നിർമ്മിച്ച് സൈജു എസ് എസ് സംവിധാാനം ചെയ്ത ഇര എന്ന സിനിമയിലാണ് രാഹുൽ ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം കൃഷാന്ദ് സംവിധാനം ചെയ്ത് നിർമ്മിച്ച വൃത്താകൃതിയിലുള്ള ചതുരം എന്ന സിനിമയിൽ അഭിനയിച്ചു. തുടർന്ന് ഉൾട്ട, മധുരരാജ, ഗ്രാമവൃക്ഷത്തിലെ കുയിൽ, ആവാസ വ്യൂഹം എന്നിവയുൾപ്പടെ പത്തോളം സിനിമകളിൽ നിലവിൽ അഭിനയിച്ചിട്ടുണ്ട്.

സിനിമകൾ കൂടാതെ വെബ് സീരീസുകളിലും രാഹുൽ ശ്രദ്ധേയ പ്രകടനം കാഴ്ച്ച വച്ചിരുന്നു. ഇന്റർനെറ്റിലൂടെ പ്രസിദ്ധമായ കരിക്കിന്റെ റോക്ക് പേപ്പർ സിസ്സേർസ്, ഉൽക്ക, കലക്കാച്ചി എന്നിവ അവയിൽ ചിലതാണ്. Zee5 വെബ് സീരീസായ ഉത്സാഹ ഇതിഹാസത്തിലെ അഭിനയത്തിന് സിയോൾ വെബ്ഫെസ്റ്റിൽ മികച്ച നടനുള്ള നാമനിർദ്ദേശം രാഹുലിന് ലഭിച്ചിരുന്നു. ഗോദ 22, ഭഗവതിക്കാവിലെ പാപ്പികൾ എന്നിവയുൾപ്പെടെ ചില ഷോർട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. കരിക്ക് ടീമിലെ സുപ്രസിദ്ധരായ ജീവൻ സ്റ്റീഫനും അർജ്ജുൻ രത്തനും രാഹുലിന്റെ രാജഗിരിയിലെ മാനേജ്മെന്റ് സ്കൂൾ സഹപാഠികളാണ്. മൂവരുമൊപ്പം വെബ്സീരിസിൽ അഭിനയിച്ചാണ് അവർ അഭിനയരംഗത്ത് തുടക്കം കുറിക്കുന്നത്. 

ഇപ്പോൾ അഭിനയത്തോടൊപ്പം കൺസ്ട്രക്ഷൻ രംഗത്ത് ബിസിനസ് ചെയ്യുകയാണ് രാഹുൽ. കൊല്ലം സ്വദേശിയായ രാഹുലിന്റെ പിതാവ് ബിസിനസുകാരനും അമ്മ ഹൗസ്‌വൈഫുമാണ്. ഭാര്യയും ഒരു മാസം പ്രായമുള്ള മകളുമുണ്ട്. 

രാഹുലിന്റെ Facebook | Instagram