പ്രൊഫസ്സർ സി ആർ ഓമനക്കുട്ടൻ
രാഘവന്റെയും പെണ്ണമ്മയുടെയും മകനായി കോട്ടയത്ത് ജനിച്ചു. കോട്ടയം നായർ സമാജം ഹൈസ്‌കൂൾ, സി.എം.എസ്. കോളജ്, കൊല്ലം എസ്.എൻ. കോളജ്, ചങ്ങനാശേരി എസ്.ബി. കോളജ് എന്നിവിടങ്ങളിലായിരുന്നു ഓമനക്കുട്ടന്റെ വിദ്യാഭ്യാസം. വിദ്യാഭ്യാസ സമയത്തും ശേഷവും സിനിമാമാസിക, പ്രഭാതം, ഗ്രന്ഥാലോകം എന്നിവയിൽ പത്രപ്രവർത്തനം നടത്തിയ പ്രവൃത്തി പരിചയത്തിൽ, പി.എസ്.സി. വഴി കേരള സർക്കാരിന്റെ പബ്‌ളിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസറായി ജോലി ലഭിച്ചു. നാലു വർഷത്തിലേറെ ആ ജോലി ചെയ്ത ശേഷം പിന്നീട് ഗവൺമെന്റ് കോളജ് സർവീസിൽ മലയാളം അദ്ധ്യാപകനായി. ആദ്യ വർഷം കോഴിക്കോട് മീഞ്ചന്ത ഗവണ്മെന്റ് ആർട്സ് കോളേജിലും പിന്നീട് എറണാകുളം മഹാരാജാസ് കോളേജിലും ജോലി ചെയ്ത അദ്ദേഹം ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം വിരമിച്ചു.
ചലച്ചിത്ര അവാർഡ് കമ്മിറ്റി, ചലച്ചിത്ര വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡ്, പബ്ലിക് റിലേഷൻസിൽ ഇൻഫർമേഷൻ ഓഫീസർ, സാഹിത്യപ്രവർത്തക സഹകരണസംഘം ഭരണസമിതി, കേരള സർക്കാർ സാംസ്കാരിക വകുപ്പ് ഉപദേശക സമിതി, മഹാത്മാഗാന്ധി സർവകലാശാല പാഠ്യപദ്ധതി പരിഷ്കരണ സമിതി എന്നിങ്ങിനെയുള്ള സമിതികളിൽ ഓമനക്കുട്ടൻ പ്രവർത്തിച്ചിട്ടുണ്ട്. ഓമനക്കഥകൾ, ഈഴശിവനും വാരിക്കുന്തവും, അഭിനവശാകുന്തളം (ഹാസ്യനാടകം), ശവംതീനികൾ, ചാപ്ലിനും ബഷീറും ഞാനും, ശ്രീഭൂതനാഥവിലാസം നായർ ഹോട്ടൽ, നിറം പിടിക്കാത്ത നേരുകൾ, നീ സത്യം ജ്ഞാനം ആനന്ദം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. ശ്രീഭൂതനാഥവിലാസം നായർ ഹോട്ടൽ' എന്ന കൃതിക്ക് ഹാസ സാഹിത്യത്തിൽ 2010 -ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
2015 -ൽ എന്നും എപ്പോഴും എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ട് സി ആർ ഓമനക്കുട്ടൻ ചലച്ചിത്രാഭിനയ രംഗത്ത് അരങ്ങേറി. അതിനുശേഷം CIA എന്ന സിനിമയിലും അഭിനയിച്ചു. 2023 സെപ്റ്റംബറിൽ സി ആർ ഓമനക്കുട്ടൻ അന്തരിച്ചു.


