പ്രഭുദേവ
ചലച്ചിത്രനൃത്ത സംവിധായകനായ സുന്ദരത്തിന്റെ മകനായി മൈസൂരിലാണ് പ്രഭുദേവ ജനിച്ചത്. വളർന്നതും വിദ്യാഭ്യാസം കഴിഞ്ഞതും തമിഴ്നാട്ടിലെ ചെന്നൈയിലെ അൽവാർപ്പേട്ട് എന്ന സ്ഥലത്തായിരുന്നു. ചെറുപ്പത്തിൽ അച്ഛനിൽ നിന്ന് നൃത്തത്തിന്റെ ബാലപാഠങ്ങൾ പഠിച്ച പ്രഭുദേവ തുടർന്ന് ഭരതനാട്യം, വെസ്റ്റേൺ നർത്തന രീതി എന്നിവ അഭ്യസിച്ചു. സഹോദരന്മാരായ രാജു സുന്ദരം, നാഗേന്ദ്ര പ്രസാദ് എന്നിവരും തമിഴ് സിനിമയിലെ നൃത്ത സംവിധായകരായിരുന്നു.
മൗനരാഗം എന്ന ചിത്രത്തിൽ ബാലനടനായിട്ടാണ് പ്രഭുദേവ സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. അതിനുശേഷം അഗ്നി നച്ചത്തിരം എന്ന സിനിമയിൽ ബാക്ക് ഗ്രൗണ്ട് ഡാൻസറായി. 1989 -ൽ വെട്രിവിഴ എന്ന സിനിമയിലാണ് പ്രഭുദേവ ആദ്യമായി ഡാൻസ് കൊറിയൊഗ്രഫി ചെയ്യുന്നത്. തുടർന്ന് നൂറിലധികം ചിത്രങ്ങൾക്ക് ഡാൻസ് കൊറിയോഗ്രഫി നിർവഹിച്ചു. കാതലൻ എന്ന സിനിമയിലാണ് പ്രഭുദേവ ആദ്യമായി നായകവേഷം അണിയുന്നത്. തുടർന്ന് നിരവധി സിനിമകളിൽ അദ്ധേഹം നായകനായി. 2010 =ൽ ബോഡി ഗാർഡ് എന്ന സിനിമയിൽ ഡാൻസ് കൊറിയോഗ്രഫി നിർവഹിച്ചുകൊണ്ടാണ് പ്രഭുദേവ മലയാള സിനിമയിലെത്തുന്നത്. അതിനുശേഷം 2011 -ൽ ഉറുമി എന്ന സിനിമയിൽ ഒരു പ്രധാന വേഷം ചെയ്തു. തുടർന്ന് 2023 -ൽ ആയിഷ എന്ന ചിത്രത്തിൽ ഡാൻസ് കൊറിയോഗ്രഫി ചെയ്തു.
മികച്ച നൃത്ത സംവിധായകനുള്ള ദേശീയപുരസ്കാരം രണ്ട് തവണ നേടിയ ഇദ്ദേഹം ഇന്ത്യയിലെ മൈക്കൽ ജാക്സൺ എന്നാണ് അറിയപ്പെടുന്നത്.