പി എ എം റഷീദ്
അഭിനേതാവ്, നാടകരചയിതാവ്, നാടക വിവർത്തകൻ എന്നിങ്ങനെ വ്യത്യസ്ത നിലകളിൽ മലയാളികൾക്ക് സുപരിചിതൻ. കുട്ടിക്കാലം മുതൽക്ക് തന്നെ നാടകത്തോട് താല്പര്യം കാട്ടിയിരുന്ന അദ്ദേഹം, എട്ടാമത്തെ വയസ്സു മുതൽ നാടകാഭിനയ രംഗത്ത് സജീവമായി. സ്കൂളിൽ പഠിക്കുന്ന സമയത്ത് നിരവധി നാടകങ്ങളിൽ അഭിനയിച്ച അദ്ദേഹം, ഉപരി പഠനത്തിനായി കൊല്ലം ടി.കെ.എം എഞ്ചിനീയറിംഗ് കോളേജിൽ ചേർന്നപ്പോഴും നാടകത്തോടുള്ള അഭിനിവേശം തുടർന്നു. പഠനത്തിനു ശേഷം ബി എസ് എൻ എല്ലിൽ എഞ്ചിനീയറായി ഔദ്യോഗിക ജീവിതമാരംഭിച്ചു. പല സ്ഥലങ്ങളിൽ ജോലി നോക്കിയ ശേഷം, ജോലി സംബന്ധമായി തിരുവനന്തപുരത്ത് തിരിച്ചെത്തിയത്, അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായിരുന്നു.
നാടകത്തെ വിനോദോപാധി എന്നതിനപ്പുറം സമൂഹത്തിനു ചിന്തോദ്ദീപകമായ വിഷയങ്ങൾ കൈകാര്യം ചെയ്യണമെന്നുള്ള ഒരാശയം പങ്കുവെക്കുന്ന ഒരു കൂട്ടം നാടകകൃത്തുക്കളോടൊപ്പം സഹകരിക്കുവാൻ തിരുവനന്തപുരത്തെ താമസം അദ്ദേഹത്തെ സഹായിച്ചു. അങ്ങനെയാണ് നാട്യഗൃഹവുമായി ചേർന്ന് പ്രവർത്തിക്കുവാൻ വഴിയൊരുങ്ങിയത്. ആ കാലഘട്ടത്തിൽ മഴ, ലങ്കാ ലക്ഷ്മി, സൗപർണ്ണിക, സൂ സ്റ്റോറി തുടങ്ങി പല നാടകങ്ങളിലും അദ്ദേഹം മുരളിയുമായും നരേന്ദ്രപ്രസാദുമായി സഹകരിച്ചു. ഔദ്യോഗിക ജീവിതത്തിനൊപ്പം നാടകവും മുന്നോട്ട് കൊണ്ടു പോയ റഷീദ് , നിരവധി നാടകങ്ങളിൽ അഭിനയിക്കുകയും നാടക രചന നിർവഹിക്കുകയും ചെയ്തു. ലെനിൻ രാജേന്ദ്രന്റെ അവസ്ഥ എന്ന നാടകത്തിലെ അഭിനയം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. പല തവണ മികച്ച നടനുള്ള അവാർഡ് അദ്ദേഹത്തെ തേടിയെത്തി. ആകാശവാണിക്കു വേണ്ടി പല നാടകങ്ങൾ വിവർത്തനം ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്യുന്നു. നിരവധി സീരിയലുകളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചു. 2012 ൽ കേരളാ സംഗീത നാടക അക്കാദമി അദ്ദേഹത്തെ ഗുരു പൂജ പുരസ്കാരം നൽകി ആദരിച്ചു.
ഭാര്യ: ലൈല