അരുൺ അനിരുദ്ധൻ
തിരുവനന്തപുരം പേരൂർക്കട സ്വദേശി. എഞ്ചിനീയേഴ്സ് ആയിരുന്ന അനിരുദ്ധൻ, രമ എന്നിവരുടെ മകനായി 1991 ഓഗസ്റ്റ് 21ന് തിരുവനന്തപുരത്ത് ജനിച്ചു. ക്രൈസ്റ്റ് നഗർ, സെന്റ് തോമസ് സ്കൂളുകളെന്നിവയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി, തുടർന്ന് മാർ ബസേലിയോസിൽ രണ്ട് വർഷം സിവിൽ എഞ്ചിനീയറിംഗ് പഠിച്ച ശേഷം അതുപേക്ഷിച്ച് മാർ ഇവാനിയോസിൽ കോളേജിൽ മാസ് കമ്യൂണിക്കേഷൻ ബിരുദത്തിനു ചേർന്നത് പൂർത്തിയാക്കി.
ഒറ്റമകനായതിനാലും അച്ഛനമ്മമാർ ജോലിക്ക് പോവുന്നതിനാൽ വീട്ടിലൊറ്റക്കായതിനാലും ചെറുപ്പം മുതൽ തന്നെ സിനിമകൾ ധാരാളമായി കണ്ടിരുന്ന അരുൺ മാർ ഇവാനിയോസിലെ കലാമേളകളിൽ സജീവമായിരുന്നു. സ്കിറ്റ്, മൈം എന്നിവയിൽ യൂണിവേഴ്സിറ്റി, ഇന്റർ യൂണിവേഴ്സിറ്റി, നാഷണൽ രംഗത്ത് വരെയും സമ്മാനങ്ങൾ നേടി. സാൾട്ട് മാംഗോ ട്രീ എന്ന ഹ്രസ്വചിത്രത്തിലൂടെ ആണ് അരുണിന്റെ തുടക്കം. തുടർന്നെടുത്ത Beyond എന്ന ഹ്രസ്വചിത്രത്തിലൂടെ കപ്പ ടിവിയുടെ ഷൂട്ട് & വിൻ എന്ന കോമ്പറ്റീഷനിൽ പങ്കെടുത്ത് വിജയിയായി.
സിനിമാരംഗത്തെ കൂടുതൽ പ്രവർത്തങ്ങൾക്കായി കൊച്ചിയിലേക്ക് താമസം മാറുകയും അവിടെ നിന്ന് സംവിധായകനായ ജയൻ നമ്പ്യാരെ പരിചയപ്പെടുകയും തുടർന്ന് സച്ചിയുടെ അനാർക്കലി എന്ന സിനിമയിൽ സംവിധാന സഹായി ആയി മലയാള സിനിമയിൽ തുടക്കമിടുകയും ചെയ്തു. തുടർന്ന് ഖാലിദ് റഹ്മാന്റെ അനുരാഗകരിക്കിൻ വെള്ളത്തിലും സംവിധാന സഹായി ആയിരുന്നു. അനുരാഗ കരിക്കിൻ വെള്ളത്തിലിന്റെ ചീഫ് അസോസിയേറ്റ് ഡയറക്റ്ററായിരുന്ന റഫീക് ഇബ്രാഹിമിനോട് പടയോട്ടത്തിന്റെ കഥ പറയുകയും തുടർന്ന് സ്വതന്ത്ര എഴുത്തുകാരനായി പടയോട്ടം എന്ന സിനിമ റഫീക് സംവിധാനം ചെയ്ത്, അജയ് രാഹുൽ, സോനു എന്നിവരോടൊപ്പം രചന നിർവ്വഹിക്കുകയും ചെയ്തു. അവിടെ നിന്നാണ് ബേസിൽ ജോസഫിനെ പരിചയപ്പെടുന്നതും മിന്നൽ മുരളിയുടെ കഥ പറയുന്നതും. കുഞ്ഞിരാമായണം, ഗോദ തുടങ്ങി നാട്ടുമ്പുറവുമായി ബന്ധപ്പെട്ട് വരുന്ന ഫാന്റസി കഥാപാത്രങ്ങളും കഥയുമായി ബന്ധപ്പെട്ട സംവിധായകനെന്ന നിലയിൽ മിന്നൽ മുരളിയെന്ന സൂപ്പർമാൻ കഥപറയാൻ ഏറ്റവും അനുയോജ്യൻ ബേസിലാണെന്ന് തോന്നിയതിനാൽ പടയോട്ടത്തിന്റെ നിർമ്മാതാവായ സോഫിയ പോൾ വഴി ബേസിലിനെ സമീപിക്കുകയും മിന്നൽ മുരളി എന്ന ചിത്രം യാഥാർത്ഥ്യമാവുകയുമായിരുന്നു.
പടയോട്ടത്തിൽ നിധീഷെന്ന ചെറുകഥാപാത്രമായി അഭിനയരംഗത്തും വേഷമിട്ടു, ചില പരസ്യചിത്രങ്ങളിലും അഭിനയിച്ചു.
കൊല്ലം സ്വദേശിനിയായ ആര്യ ശശിധരൻ ആണ് അരുണിന്റെ ജീവിതപങ്കാളി.