ബലികുടീരങ്ങളേ
1857 ൽ നടന്ന ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ശതവാർഷികം 1957 ൽ ആയിരുന്നു.കേരളത്തിൽ നടന്ന ചടങ്ങുകൾ ഉദ്ഘാടനം ചെയ്ത അന്നത്തെ രാഷ്ട്രപതി ഡോക്ടർ രാജേന്ദ്രപ്രസാദിന്റെ മുൻപിൽ ശിപായി ലഹളയിലെ രക്തസാക്ഷികളെ അനുസ്മരിച്ചു കൊണ്ട് വയലാർ രാമവർമ്മ എഴുതി ദേവരാജൻ മാഷ് ഈണം നൽകി കെ എസ് ജോർജ്ജ്, സി ഒ ആന്റോ ,സുലോചന തുടങ്ങി നൂറോളം പേർ ചേർന്ന് തിരുവനന്തപുരം വി ജെ ടി ഹാളിൽ അവതരിപ്പിച്ച വിപ്ലവഗാനം. വയലാരിന്റെ രചനയ്ക്ക് ദേവരാജൻ ആദ്യമായി ഈണം നൽകി എന്ന സവിശേഷതയും ഈ പാട്ടിന് ഉണ്ട്.
ബലികുടീരങ്ങളേ.....
ബലികുടീരങ്ങളേ ബലികുടീരങ്ങളേ
സ്മരണകളിരമ്പും രണസ്മാരകങ്ങളേ
ഇവിടെ ജനകോടികൾ ചാർത്തുന്നു നിങ്ങളിൽ
സമര പുളകങ്ങൾ തൻ സിന്ദൂരമാലകൾ (ബലികുടീരങ്ങളേ...)
ഹിമഗിരിമുടികൾ കൊടികളുയർത്തീ
കടലുകൽ പടഹമുയർത്തീ (2)
യുഗങ്ങൾ നീന്തി നടക്കും ഗംഗയിൽ
വിരിഞ്ഞു താമര മുകുളങ്ങൾ (2)
ഭൂപടങ്ങളിലൊരിന്ത്യ നിവർന്നു
ജീവിതങ്ങൾ തുടലൂരിയെറിഞ്ഞു (2)
ചുണ്ടിൽ ഗാഥകൾ കരങ്ങളിലിപ്പൂ
ച്ചെണ്ടുകൾ പുതിയ പൌരനുണർന്നൂ (2) (ബലികുടീരങ്ങളേ...)
തുടിപ്പൂ നിങ്ങളിൽ നൂറ്റാണ്ടുകളുടെ
ചരിത്രമെഴുതിയ ഹൃദയങ്ങൾ (2)
കൊളുത്തി നിങ്ങൽ തലമുറ തോറും
കെടാത്ത കൈത്തിരി നാളങ്ങൾ (2)
നിങ്ങൾ നിന്ന സമരാങ്കണഭൂവിൽ
നിന്നണിഞ്ഞ കവചങ്ങളുമായി (2)
വന്നു ഞങ്ങൾ മലനാട്ടിലെ മണ്ണിൽ
നിന്നിതാ പുതിയ ചെങ്കൊടി നേടി (2) ബലികുടീരങ്ങളേ...)