ദാസരി നാരായണ റാവു

Dasari Narayana Rao
Date of Birth: 
Sunday, 4 May, 1947
Date of Death: 
ചൊവ്വ, 30 May, 2017
സംവിധാനം: 2
കഥ: 5
തിരക്കഥ: 2

ആന്ധ്രാപ്രദേശ് ഗോദാവരിയിലെ പാലകൊല്ലുവിലാണ് ജനിച്ചു. നാടകവേദികളിലൂടെയാണ് നാരായണ റാവു തന്റെ കലാജീവിതം ആരംഭിക്കുന്നത്. അഭിനയമോഹവുമായി ചലച്ചിത്രലോകത്തെത്തിയ നാരായണറാവു ഗോസ്റ്റ് റൈറ്ററായി ഇരുപത്തിയഞ്ചോളം സിനിമകളിൽ പ്രവർത്തിച്ചു. 1973 -ൽ Thatha-Manavadu എന്ന തെലുഗു സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്തുകൊണ്ട്  അദ്ദേഹം സിനിമയിൽ സജീവമായി. ആദ്യ സിനിമ തന്നെ മികച്ച സിനിമക്കുള്ള സംസ്ഥന പുരസ്കാരത്തിന് അർഹമായി. Swargam Narakam എന്ന തെലുഗു സിനിമയിലൂടെ അഭിനയത്തിലും തുടക്കം കുറിച്ചു.

നാല് പതിറ്റാണ്ട് നീണ്ട തന്റെ കരിയറിൽ അദ്ദേഹം നൂറ്റി അൻപതിലധികം ഫീച്ചർ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്തതിനുള്ള ലിംക വേൾഡ് റെക്കോർഡ് നേടിയ നാരായണ റാവു "ദർശക രത്ന എന്ന വിശേഷണത്തിലാണ് അറിയപ്പെട്ടിരുന്നത്. തെലുങ്ക് സിനിമകൾക്ക് പുറമേ ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. നരായണ റാവുവിന്റെ ചില തെലുഗു ചിത്രങ്ങൾ മലയാളത്തിൽ മൊഴിമാറ്റി റിലീസ് ചെയ്തിരുന്നു. എ ബി രാജ് സംവിധാനം ചെയ്ത അടിമച്ചങ്ങല, എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത ഗൃഹലക്ഷ്മി എന്നീ സിനിമകളുടെ കഥ ദാസരി നാരായണ റാവുവിന്റേതായിരുന്നു. തന്റെ സിനിമകളിലൂടെ ലിംഗ വിവേചനം, ജാതീയത, അഴിമതി, അനീതി തുടങ്ങിയ സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള അദ്ദേഹത്തെ തേടി രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ, രഘുപതി വെങ്കയ്യ അവാർഡ്, പതിനാറ് നന്ദി അവാർഡുകൾ , ലൈഫ് ടൈം അച്ചീവ്മെന്റ് ഉൾപ്പെടെ അഞ്ച് ഫിലിംഫെയർ അവാർഡുകൾ തുടങ്ങി നിരവധി അംഗീകാരങ്ങൾ വന്നിട്ടുണ്ട്.

2006 -ൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം മൻമോഹൻ സിംഗ് സർക്കാരിൽ കൽക്കരി സഹമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുമുണ്ട്. ഉദയം എന്ന പേരിൽ ദിനപത്രവും നടത്തിയിരുന്ന ഇദ്ദേഹം 2017 മെയ് മാസത്തിൽ അന്തരിച്ചു.