കോട്ടയം റഷീദ്
കോട്ടയത്ത് തിരുവാതുക്കല്‍ എന്ന സ്ഥലത്ത് ജനനം. ചെറുപ്പക്കാലം മുതൽക്കേ നാടകത്തിലും മിമിക്രിയിലും സജീവമായിരുന്നു. സിനിമാ മോഹവുമായി നടന്ന സമയം പത്താം തരം പരീക്ഷ എഴുതാൻ കഴിയാതെ വരികയും വിദ്യാഭ്യാസം മുടങ്ങുകയും ചെയ്തു. പതിനാറാം വയസ്സിൽ നാടകത്തിലെത്തി. ദുര്‍ഗ്ഗം എന്ന നാടകത്തില്‍ ഒരു വക്കീലിന്റെ വേഷംമാണ് ആദ്യം ചെയ്തത്. അതിനു മികച്ച നടനുള്ള അവാര്‍ഡും ലഭിച്ചു. പിന്നീട് വൈക്കം കലാകേളി , ആലൂംമൂടന്റെ ആരാധന, തിരുവനന്തപുരം ആരാധന, സൂര്യസോമ എന്നിങ്ങനെ പല ട്രൂപ്പുകളിലും പ്രവര്‍ത്തിച്ചു. വീട്ടിലെ സാമ്പത്തിക അസ്ഥിരത റഷീദിനെ ഒരു പ്രവാസിയാക്കി. ഗൾഫിൽ ഏകദേശം 7 വർഷം ജോലി നോക്കി തിരികെയെത്തിയ അദ്ദേഹം നാടകാഭിനയം തുടർന്നു. വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ അവന് താനിവന് എന്ന സീരിയലിൽ ആലുമ്മൂടനോടൊപ്പം ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് തലമുറകൾ എന്ന സീരിയലിൽ ശ്രദ്ദേയമായ വേഷം ലഭിച്ചു. സീരിയലിൽ സജീവമായ ആ കാലത്ത് വീണ്ടും റഷീദ് ഗൾഫിലേക്ക് പോയി. അധിക കാലം കഴിയുന്നതിനു മുന്നേ മടങ്ങിയെത്തിയെ റഷീദ് പിന്നീട് സീരിയൽ രംഗത്തെ സജീവ സാന്നിധ്യമായി. സീരിയൽ ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തിൽ സാരമായ പരിക്ക് പറ്റിയെങ്കിലും പിന്നീട് അഭിനയ രംഗത്തേക്ക് തിരികെയെത്തി. പറയാൻ ബാക്കി വച്ചത്, ടമാർ പടാർ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.
ഭാര്യ: ജീന, മക്കൾ: ജിർഷാദ്, ജിനിദ, ജിംനാദ്