ശിവപ്രസാദ്

Sivaprasad Kaviyoor
Prof Sivaprasad C
പ്രൊഫ കവിയൂര്‍ ശിവപ്രസാദ്‌
സംവിധാനം: 9
കഥ: 2
സംഭാഷണം: 3
തിരക്കഥ: 5

1994 ലെ ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയുടെ പ്രത്യേക പുരസ്ക്കാരം ശിവ പ്രസാദിന് നേടി കൊടുത്തത് ഓര്‍മ്മയുടെ തീരങ്ങളില്‍ എന്ന നോൺ ഫീച്ചർ ചിത്രമായിരുന്നു. തകഴിയുടെ കഥകളുടെ മനോഹരമായ ആവിഷ്കാരം ജൂറിയെ വല്ലാതെ ആകർഷിച്ചു. സമയ ചക്രത്തിന്റെ യാത്ര കവിതയിലൂടെ സമന്വയിപ്പിച്ച് അവതരിപ്പിച്ചതിനായിരുന്നു ഈ അവാർഡ്. മുഖ്യധാരാ സിനിമാ പ്രവര്‍ത്തനത്തില്‍നിന്ന് മാറി സ്വന്തം ശൈലിയിലൂടെ സിനിമയെ അടയാളപ്പെടുത്താന്‍ പ്രൊഫ ശിവപ്രസാദിനായി. എട്ട് സിനിമകളുടെ സംവിധായകൻ, എണ്‍പതിലധികം ഷോട്ട് ഫിലിമുകള്‍, നിരവധി ഡോക്യുമെന്‍ററികള്‍, ടി.വി സീരിയലുകള്‍, പരസ്യ ചിത്ര സംവിധായകൻ അദ്ധ്യാപകൻ, എഴുത്തുകാരൻ എന്നീ ബഹു മുഖ റോളുകൾ ഭംഗിയായി ജീവിതത്തിന്റെ അരങ്ങിൽ ആടിയ പ്രതിഭ. നാരായണന്‍ ഉണ്ണിത്താന്‍ തിരക്കഥ എഴുതിയ ‘ജലരേഖ’യായിരുന്നു ആദ്യ ' ചിത്രം. പക്ഷേ, ചിത്രം പാതിവഴിക്ക് മുടങ്ങി. വിക്രമോര്‍വശീയത്തെ ആധാരമാക്കി സംവിധാനംചെയ്ത ‘പുരൂരവസ്സ്’ എന്ന ചിത്രമാണ് ശിവപ്രസാദിന്‍െറ പുറത്തിറങ്ങിയ ആദ്യ ചിത്രം.1985ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. മലയാളത്തിലെ ആദ്യത്തെ ‘അതീന്ദ്രിയ’ സിനിമ എന്ന വിശേഷണമുള്ള ചിത്രമായിരുന്നു ഇത്. സാമൂഹികപ്രശ്നങ്ങളും വിഷയങ്ങളും കൈകാര്യം ചെയ്യുന്നു എന്നതാണ് ശിവപ്രസാദിന്റെ സിനിമകളുടെ പ്രത്യേകത. 1990ല്‍ പുറത്തിറങ്ങിയ ‘വേമ്പനാട്’ എന്ന സിനിമക്ക് സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് ലഭിക്കാനുള്ള കാരണവും ഇതു തന്നെയായിരുന്നു. വേമ്പനാട് കായലിലെ മത്സ്യ ബന്ധന തൊഴിലാളികളുടെ ജീവിതമായിരുന്നു കഥാ തന്തു. 1992ല്‍ ടി. പത്മനാഭന്റെ ഗൗരി എന്ന കഥയെ അതേ പേരില്‍തന്നെ ശിവപ്രസാദ് സിനിമയാക്കി. കേരളത്തിലെ നക്സല്‍ പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തില്‍ 2002ല്‍ ചെയ്ത ‘ഭേരി’ എന്ന സിനിമ ഒക്കെ വ്യത്യസ്തത നിറഞ്ഞതായിരുന്നു. നക്സല്‍ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ ഗ്രോ വാസു മുതലുള്ള ആളുകള്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 2004ല്‍ പുറത്തിറങ്ങിയ ‘ഈ സ്നേഹതീരത്ത്’ എന്ന സിനിമയും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക ജൂറി അവാർഡ് കുഞ്ചാക്കോ ബോബന് ഈ ചിത്രം നേടി കൊടുത്തു. അവസാനം 2012ല്‍ ചെയ്ത ‘സ്ഥലം’ എന്ന ചിത്രം തികച്ചുമൊരു പരിസ്ഥിതി സിനിമയായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകൻ കല്ലൻ പൊക്കുടൻ ആണ് ഇതിലെ കേന്ദ കഥാപാത്രത്തെ അവതരിപ്പിച്ചത്.

Kaviyoor Sivaprasad