അഞ്ജുലി ശുക്ല
ഇന്ത്യൻ സിനിമാചരിത്രത്തിൽ മറ്റാർക്കും തകർക്കാനാവാത്തൊരു റെക്കോർഡിനുടമയാണ് അഞ്ജുലി ശുക്ല എന്ന ഈ ലക്നൗ സ്വദേശി.
കാൺപൂർ ക്രൈസ്റ്റ് ചർച്ച് കോളേജിൽ നിന്നും ബിരുദം നേടിയതിനുശേഷം പൂനെ എഫ് ടി ടി ഐ(ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡ്യ)യിൽ സംവിധാനം പഠിയ്ക്കാൻ ചേർന്ന അഞ്ജുലി ശുക്ല,സംവിധാനത്തിനു പകരം, മികച്ച ഛായാഗ്രാഹക ആയാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പുറത്ത് വന്നത്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാഭ്യാസകാലത്ത് ചെയ്ത ഡിപ്ലോമാ ഫിലിം ലോകപ്രശസ്തമായ കാമറിമേജ് ഫിലിം ഫെസ്റ്റിവലിലെ മൽസരവിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു.
വിദ്യാഭ്യാസാനന്തരം, പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് ശിവന്റെ കീഴിൽ "ദ് മിസ്ട്രസ് ഓഫ് സ്പൈസസ്", "ബിഫോർ ഇറ്റ് റെയിൻസ്" എന്നീ ഹോളിവുഡ് സംരംഭങ്ങളിലും "അനന്തഭദ്രം", "തഹാൻ","പരംഭ" തുടങ്ങിയ ഇന്ത്യൻ സംരഭങ്ങളിലും അസിസ്റ്റന്റ് ആയും "രാവൺ" "രാവണൻ" എന്നീ സിനിമകളിൽ സെക്കൻഡ് യൂണിറ്റ് ക്യാമറാവുമൺ ആയും ജോലി ചെയ്തു.
ഷാജി എൻ കരുണിന്റെ "കുട്ടിസ്രാങ്ക്" ആണ് അഞ്ജുലി ശുക്ലയുടെ ആദ്യ സ്വതന്ത്രഛായാഗ്രഹണസംരഭം. 2010ൽ,കുട്ടിസ്രാങ്കിന്റെ ഛായാഗ്രഹണത്തിന് മികച്ച ഛായാഗ്രഹണത്തിനുള്ള ദേശീയ പുരസ്കാരവും അഞ്ജുലി ശുക്ല നേടി. ആ വിഭാഗത്തിൽ ദേശീയ പുരസ്കാരം നേടുന്ന ആദ്യത്തെ വനിത ആയിരുന്നു അഞ്ജുലി. മലയാളത്തിൽ ഫിലിം ഫോർമാറ്റിൽ സിനിമ ഷൂട്ട് ചെയ്ത ആദ്യ വനിതയും അഞ്ജുലി തന്നെ.
കുട്ടിസ്രാങ്കിനു ശേഷം "ഉറുമി"യിലും സന്തോഷ് ശിവന്റെ കീഴിൽ സെക്കൻഡ് യൂണിറ്റ് ഛായാഗ്രാഹക ആയിരുന്നു അഞ്ജുലി ശുക്ല.
അവലംബം:ടൈംസ് ഓഫ് ഇൻഡ്യ ആർട്ടിക്കിൾ