ഇബ്രാഹിം വേങ്ങര
മലയാള നാടക കൃത്ത്, ചലച്ചിത്രനടൻ. 1941 ഓഗസ്റ്റിൽ കണ്ണൂർ ജില്ലയിലെ വേങ്ങരയിൽ സൈതം മാടത്ത് ആലിക്കുഞ്ഞിയുടെയും പുതിയവീട്ടിൽ കുഞ്ഞാമിനയുടെയും മകനായി ജനിച്ചു. ഇബ്രാഹിമിന്റെ രണ്ടാമത്തെ വയസ്സിൽ പിതാവ് മരിച്ചു. വേങ്ങര മാപ്പിള യു പി സ്കൂളിൽ ചേർന്ന് പഠിച്ചെങ്കിലും രണ്ട് വർഷത്തിനുശേഷം പഠനം മുടങ്ങി. 13-ാം വയസ്സിൽ ഇബ്രാഹിം നാടുവിട്ടു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ചെയ്യാവുന്ന ജോലികളെല്ലാം ചെയ്തുജീവിച്ചു. 1962 മുതലാണ് നാടക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിയ്ക്കുന്നത്. തളിപ്പറമ്പ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്നുവന്നിരുന്ന വയോജന വിദ്യാലയത്തിൽ നിന്നാണ് ഇബ്രാഹിം മലയാളം എഴുതാനും വായിക്കാനും പഠിച്ചത്.
ഇബ്രാഹിം വേങ്ങര രചിച്ച ആദ്യ നാടകം ആർത്തി ആയിരുന്നു. നാടകം അഖില കേരള നാടക മത്സരത്തിൽ ഒന്നാം സ്ഥാനം നേടുകയുണ്ടായി. തൃശൂർ ശില്പി, കോഴിക്കോട് സംഗമം എന്നീ നാടകസമിതികളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭൂതവനം എന്ന നാടകം രചിച്ചതിന് അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ആകാശവാണിയ്ക്കുവേണ്ടി രചിച്ച ഏഴിൽ ചൊവ്വ, ഉപഹാരം എന്നീ നാടകങ്ങൾ മികച്ച റേഡിയോ നാടകങ്ങൾക്കുള്ള അവാർഡ് കരസ്ഥമാക്കി. ഈ നാടകങ്ങൾ ഭാരതത്തിലെ 14 ഭാഷകളിൽ വിവർത്തനം ചെയ്യുകയും പ്രക്ഷേപണം നടത്തുകയും ചെയ്തു. കേരള സംഗീതനാടക അക്കാദമി അംഗം, പുരോഗമന കലാസാഹിത്യ സംഘം, സംസ്ഥാന സമിതി അംഗം, കോഴിക്കോട് ആകാശവാണിയിൽ പരിപാടികളുടെ ഉപദേശകസമിതി അംഗം, കേരള ഡ്രാമാ വർക്കേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമിതി അംഗം, സ്വാതന്ത്ര്യ സുവർണ്ണജൂബിലി സംസ്ഥാന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇബ്രാഹിം വേങ്ങരയുടെ നാടകം രാജ്യ സഭ 1997-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്.
ഇബ്രാഹിം വേങ്ങരയുടെ ആത്മകഥ മികച്ച ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. 1980-ൽ തളിരിട്ട കിനാക്കൾ എന്ന സിനിമയിലൂടെയാണ് ഇബ്രാഹിം വേങ്ങര ചലച്ചിത്രാഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്. വളരെ കുറച്ചു ചിത്രങ്ങളിലേ അദ്ദേഹം അഭിനയിച്ചിട്ടുള്ളൂ. 2006-ൽ മധു കൈതപ്രത്തിന്റെ ഏകാന്തം എന്ന ചിത്രത്തിൽ അഭിനയിച്ചു ആ വർഷം തന്നെ എം എ നിഷാദിന്റെ പകൽ എന്ന സിനിമയിലും അഭിനയിച്ചു. 2011- ൽ പി ടി കുഞ്ഞുമുഹമ്മദിന്റെ വീരപുത്രൻ എന്ന സിനിമയിലും ഇബ്രാഹിം വേങ്ങര അഭിനയിച്ചു.