സീമാ ബിശ്വാസ്
1965 ജനുവരി 16 -ന് ജഗദീശ് ബിശ്വാസിന്റെയും മീര ബിശ്വ്വാസിന്റെയും മകളായി അസ്സമിലെ നൈബരിയിൽ ജനിച്ചു. നൈയിബരിയിലെ കോളേജിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരന്ദം നേടിയതിനുശേഷം സീമ ഡൽഹി നാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമയിൽ നിന്നും ഡ്രാമാറ്റിക്ക് ആർട്സ് പഠിച്ചു. തുടർന്ന് നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി.
1988 ൽ Amshini എന്ന ഹിന്ദി ചിത്രത്തിൽ നായികയായിക്കൊണ്ടാണ് സീമ ബിശ്വാസ് ചലച്ചിത്രലോകത്തെയ്ക്ക് ചുവടുവെയ്ക്കുന്നത്. അംഷിനിയിലെ സീമയുടെ അഭിനയം കണ്ട സംവിധായകൻ ശേഖർ കപൂർ അവരെ തന്റെ ചിത്രമായ ബാൻഡിറ്റ് ക്യൂനിലേയ്ക്ക് ക്ഷണിച്ചു. Bandit Queen -ൽ ചമ്പൽകൊള്ളക്കാരി ഫൂലൻ ദേവിയായി സീമ ബിശ്വാസ് മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ബാൻഡിറ്റ് ക്യൂനിലെ അഭിനയത്തിന് 1995 ലെ മികച്ചനടിയ്ക്കുള്ള ദേശീയ അവാർഡ് സീമ ബിശ്വാസ് കരസ്ഥമാക്കി. തുടർന്ന് പല ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അവർ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2001 -ൽ ജയരാജ് സംവിധാനം ചെയ്ത ശാന്തം എന്ന ചിത്രത്തിലൂടെയാണ് സീമ ബിശ്വാസ് മലയാളത്തിലെത്തുന്നത്. തുടർന്ന് രണ്ടു മലയാള സിനിമകളിൽ കൂടി അവർ അഭിനയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും സീമ ബിശ്വാസ് അഭിനയിക്കുന്നുണ്ട്.