അൽഫോൻസ് പുത്രൻ
മലയാള ചലച്ചിത്ര സംവിധായകൻ. എറണാംകുളം ജില്ലയിലെ ആലുവയിൽ പുത്രൻ പോളിന്റെയും ഡെയ്സി ചാക്കോയുടെയും മകനായി ജനിച്ചു. കളമശ്ശേരി മൗണ്ട് ടബൂർ സ്ക്കൂൾ, പരവൂർ സെന്റ് ഹൈസ്ക്കൂൾ, അമൃത വിദ്യാലയം എന്നിവിടങ്ങളിലായിരുന്നു അൽഫോൻസിന്റെ സ്ക്കൂൾ വിദ്യാഭ്യാസം. ആലുവ MES College Marampally ബി സി എ കഴിഞ്ഞതിനു ശേഷം ചെന്നൈ SAE കോളേജിൽ നിന്നും ഫിലിം മെയ്ക്കിംഗിൽ ഡിപ്ലോമ നേടി.
ബിരുദ പഠനത്തിനു ശേഷം അൽഫോൻസ് പുത്രൻ ഷോർട്ട് ഫിലിമുകളും മ്യൂസിക് വീഡിയോകളും സംവിധാനം ചെയ്യാൻ തുടങ്ങി. Arkan, Sutrum Vizhi എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ വർക്കുകൾ. അതിനു ശേഷം Cling Cling.എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്തു. പിന്നീട് അൽഫോൻസ് പുത്രൻ ചെയ്ത ഷോർട്ട് ഫിലിം "നേരം" ആയിരുന്നു. വിജയ് സേതുപതി, ബോബി സിൻഹ എന്നിവർ പ്രധാനവേഷങ്ങളിലഭിനയിച്ച The Angel ആയിരുന്നു അടുത്ത ഷോർട്ട് ഫിലിം. അൽഫോൺസ് ചെയ്ത എല്ലാ ഷോർട്ട് ഫിലിമുകളും തമിഴിലായിരുന്നു. നിവിൻപോളി, നസ്രിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് "നെഞ്ചോട് ചേർത്ത്" എന്ന മ്യൂസിക് വീഡിയോ സംവിധാനം ചെയ്തു. പിന്നീട് തമിഴിൽ Eli എന്നൊരു ഷോർട്ട് ഫിലിം ബോബി സിൻഹ, നിവിൻപോളി എന്നിവരെ വെച്ച് എടുത്തു.
അൽഫോൻസ് പുത്രൻ 2013 ലാണ് ഫീച്ചർ ഫിലിം സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ നേരം എന്ന ഷോർട്ട് ഫിലിം അതേപേരിൽ നസ്രിയ, നിവിൻ പോളി എന്നിവരെ നായികാ നായകൻമാരാക്കി മലയാളത്തിലും തമിഴിലും സിനിമയായി സംവിധാനം ചെയ്തു. സാമ്പത്തിക വിജയമായ നേരത്തിനുശേഷം 2015 ൽ നിവിൻ പോളിയെ തന്നെ നായകനാക്കി അൽഫോൻസ് പ്രേമം സംവിധാനം ചെയ്തു. വലിയ ബോക്സോഫീസ് കളക്ഷൻ നേടിയ ചിത്രമായിരുന്നു പ്രേമം. പ്രേമത്തിലും ഒരു തമിഴ് ചിത്രത്തിലും അൽഫോൻസ് പുത്രൻ അഭിനയിച്ചിട്ടുമുണ്ട്. തൊബാമ എന്ന സിനിമയുടെ നിർമ്മാതാവുമാണ്.
അൽഫോൻസ് പുത്രന്റെ വിവാഹം 2015 ആഗസ്റ്റിലായിരുന്നു. ഭാര്യ അലീന മേരി ആന്റണി. ഒരു മകൾ അയ്ന.