തബു

Tabu

ജമാൽ ഹാഷ്മിയുടെയും റിസ്‌വാന ഹാഷ്മിയുടെയും മകളായി ഹൈദരബാദിൽ ജനിച്ചു. തബ്ബു ജനിച്ചുകഴിഞ്ഞ് അധിക നാൾ ആവുന്നതിനു മുൻപ് തന്നെ മാതാപിതാക്കൾ വിവാഹ മോചനം നേടി. പിന്നീട് തബ്ബു വളർന്നത് സ്കൂൾ അദ്ധ്യാപികയായ മാതാവിന്റേയും ഗണിത ശാസ്ത്ര പ്രൊഫസർ ആയ മുത്തച്ഛന്റേയും കൂടെയാണ്. 1983 -ൽ  മുബൈയിലേക്ക് പഠിക്കാൻ പോയ തബ്ബു തന്റെ സിനിമ ജീ‍വിതം ആരംഭിക്കുന്നത് പതിനഞ്ച് വയസ്സുള്ളപ്പോഴാണ്. 1985 -ൽ ഹം നൌജവാൻ എന്ന ചിത്രത്തിൽ ദേവ് ആനന്ദിന്റെ മകളായിട്ടാണ് അഭിനയിച്ചത്. നായികയായി ആദ്യമായി അഭിനയിച്ചത് തെലുങ്ക് ചിത്രമായ കൂലി നം:1 എന്ന ചിത്രത്തിലാണ്. 1994 -ൽ പുറത്തിറങ്ങിയ  പുറത്തിറങ്ങിയ വിജയ് പഥ് എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. ഈ ചിത്രത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിക്കുകയും ചെയ്തു. അതിനുശേഷം നിരവധി ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചു.

1996 -ൽ പ്രിയദർശൻ സംവിധാനം ചെയ്ത കാലാപാനി എന്ന സിനിമയിൽ മോഹൻലാലിന്റെ നായികയായി മലയാളത്തിൽ എത്തിയ തബ്ബു ആ വർഷം പലഭാഷകളിലായി 8 ചിത്രങ്ങളിൽ അഭിനയിച്ചു. ഇതിൽ മൂന്ന് ചിത്രങ്ങൾ നല്ല വിജയം നേടി. മാച്ചീസ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ലഭിച്ചു. ഇന്ത്യ-പാകിസ്താൻ യുദ്ധത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച ബോർ‌ഡർ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ക്രിട്ടിക്സ് അവാർഡ് ലഭിച്ചു.

2000 -ത്തിൽ വീണ്ടും രാക്കിളിപ്പാട്ട് എന്ന സിനിമയിലൂടെ മലയാളത്തിൽ എത്തിയ തബ്ബു കവർ സ്റ്റോറി എന്ന സിനിമയിലും അഭിനയിച്ചു. 2001 -ൽ മധുർ ഭണ്ടാർക്കർ നിർമ്മിച്ച ചാന്ദ്നി ബാർ എന്ന ചിത്രത്തിലെ അഭിനയത്തിന് രണ്ടാമത്തെ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ലഭിച്ചു.

പിന്നീട് ഉള്ള വർഷങ്ങളിൽ തബ്ബു സഹ നടിയായി ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു. 2007 -ൽ മീര നായർ സംവിധാനം ചെയ്ത നേം സേക്ക് എന്ന ഹോളിവുഡ് ചിത്രത്തിൽ തബു അഭിനയിച്ചു. ഈ ചിത്രം വിദേശത്ത് വൻ വിജയമായിരുന്നു. ആ വർഷം തന്നെ അമിതാബ് ബച്ചന്റെ നായികയായി ചീനി കം എന്ന ചിത്രത്തിൽ അഭിനയിച്ചു. 2011 -ൽ ഉറുമി എന്ന സിനിമയിലൂടെ തബു മലയാളത്തിൽ തന്റെ സാന്നിധ്യം അറിയിച്ചു  ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിക്കുകയും ചെയ്തു.  ഹിന്ദി, മലയാളം, തലുഗു, തമിഴ് ഭാഷകളിലായി നിരവധി സിനിമകളിൽ തബു അഭിനയിച്ചിട്ടുണ്ട്.