ദിലീപ് വിശ്വനാഥ്
ദിലീപ് വിശ്വനാഥ്
നിർമ്മാതാവ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
ബി എസ് എൻ എൽ ഉദ്യോഗസ്ഥരായ വിശ്വനാഥന്റെയും രാധയുടേയും മകനായി 1974 മേയ് 16ന് തൃശൂർ ജില്ലയിലെ പാലയ്ക്കലിൽ ജനിച്ചു. പിതാവിന്റെ നാടായ കുണ്ടറയിലെ കാരുവേലിൽ സെന്റ് ജോൺസ് സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കൊല്ലം ശ്രീനാരായണ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. സാഹിത്യമത്സരവേദികളിൽ സജീവമായിരുന്ന ദിലീപിന് അക്കാലം മുതൽ പ്രമുഖ നോവലിസ്റ്റും സഹപാഠിയുമായ ജി ആർ ഇന്ദുഗോപനുമായുണ്ടായിരുന്ന സൗഹൃദമാണ് സിനിമാ നിർമ്മാണത്തിലേക്ക് വഴി തുറന്നത്.
ദിലീപ് കോളേജ് പഠനം കഴിഞ്ഞ് കമ്പ്യൂട്ടർ വിപണനരംഗത്ത് ജോലിയിൽ പ്രവേശിക്കുകയും 2004ൽ അമേരിക്കയിലെ ഹൂസ്റ്റണിലേക്ക് താമസം മാറുകയും ചെയ്തു. 2005ലെ പുതുവത്സരദിനത്തിൽ ആശംസകൾ നേരാൻ സുഹൃത്തായ ഇന്ദുഗോപനെ വിളിക്കുമ്പോഴാണ് "ഒറ്റക്കൈയ്യൻ" എന്ന സിനിമ സംവിധാനം ചെയ്യണമെന്ന താൽപര്യം അദ്ദേഹം ദിലീപുമായി പങ്കുവയ്ക്കുന്നത്. സുഹൃത്തിന്റെ ആഗ്രഹപ്രകാരം സിനിമ നിർമ്മിക്കാൻ ദിലീപ് വിശ്വനാഥ് തീരുമാനിച്ചു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി ദിലീപും സഹനിർമ്മാക്കളായി സനൂജ് സുരേന്ദ്രനാഥ്,ഡോ.അനന്തകൃഷ്ണൻ എന്നീ സുഹൃത്തുക്കളും ജി ആർ ഇന്ദുഗോപനൊപ്പം ചേർന്നു. ജി ആർ ഇന്ദുഗോപൻ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത് 2007 ൽ പുറത്തിറങ്ങിയ "ഒറ്റക്കൈയ്യനി"ൽ ഹരിശ്രീ അശോകനും അശോകനും റ്റി ജി രവിയും മുഖ്യകഥാപാത്രങ്ങളായി. എം ജി രാധാകൃഷ്ണനായിരുന്നു ഛായാഗ്രാഹകൻ. ദിലീപിന്റെ സുഹൃത്തായ രഞ്ജിത്തിന്റെ ഭാര്യയും മോഹിനിയാട്ടം നർത്തകിയുമായ റാണി ബാബു 'ഒറ്റക്കൈയ്യനി'ൽ നായികയായി.
2011ൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയകാലത്ത് ദിലീപ് ബ്ലോഗറും സുഹൃത്തുമായ സനൽകുമാർ ശശിധരനുമായി തിരുവനന്തപുരത്തുവച്ച് നേരിട്ടുകാണുകയും "ഒരാൾപ്പൊക്കം" എന്ന സിനിമയുടെ നിർമ്മാണത്തിന് സനലിനെ പ്രേരിപ്പിക്കുകയും ചെയ്തു. പൊതുപങ്കാളിത്തത്തോടെയുള്ള സിനിമാനിർമ്മാണത്തിൽ ദിലീപ് പങ്കാളിയായി. 2014ൽ പുറത്തിറങ്ങിയ "ഒരാൾപ്പൊക്കം"തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ (IFFK 2014) മികച്ച മലയാള സിനിമക്കുള്ള നെറ്റ്പാക്ക് &ഫിപ്രസ്ക്കി പുരസ്ക്കാരം നേടി.
"ഒറ്റക്കൈയ്യൻ" എന്ന ചിത്രത്തിലൂടെ 2007ലെ കേരള സംസ്ഥാന സിനിമാ പുരസ്കാരങ്ങളിൽ എം ജി രാധാകൃഷ്ണന് മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരവും കൃഷ്ണനുണ്ണിയ്ക്ക് മികച്ച ശബ്ദലേഖകനുള്ള പുരസ്കാരവും നടൻ റ്റി ജി രവിയ്ക്ക് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു.
മലയാളം ബ്ലോഗുകളുടെ തുടക്കകാലം മുതൽ "വാൽമീകി" എന്ന പേരിലും പിന്നീട് ദിലീപ് വിശ്വനാഥ് എന്ന പേരിലും ബ്ലോഗറാണ്.
ഇപ്പോൾ ബാംഗ്ലൂരിൽ എച്ച് പിയിൽ പ്രോജക്റ്റ് മാനേജ്മെന്റ് പരിശീലകനായി ജോലി ചെയ്യുന്നു.മലയാള സിനിമാസംബന്ധിയായ വിവരശേഖരണം ലക്ഷ്യമാക്കി ആരംഭിച്ച "മലയാളം മൂവി ആന്റ് മ്യൂസിക് ഡേറ്റാബേസ്" അഥവാ "m3db"യുടെ പ്രാരംഭം മുതലുള്ള പ്രവർത്തനപങ്കാളിയാണ്.